യുവാക്കളെ ചാവേറുകളാക്കി കണ്ണൂരിൽ സിപിഎമ്മും ബി ജെപിയും മത്സരിച്ചു നടത്തുന്ന കൊലപാതകങ്ങൾ കണ്ട് ഞെട്ടി തരിച്ചു നിൽക്കുകയാണ് സാക്ഷരകേരളം.
അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാൻ കണ്ണൂരിലെ രാഷ്ട്രീയകക്ഷികൾ ഇനിയും തയ്യാറല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മുൻപ് നടന്ന പല കൊലക്കേസുകളിലും പിടിക്കപ്പെട്ടതും ശിക്ഷിക്കപ്പെട്ടതും യഥാര്‍ഥ പ്രതികളല്ല. അതുകൊണ്ടു തന്നെ ഓരോ വർഷവും കണ്ണൂരിൽ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. ബോംബ് നിര്‍മാണവും ബോംബ് സ്ഫോടനങ്ങളുമായുമൊക്കെയായി ബന്ധപ്പെട്ട് ഇരുന്നൂറിലേറെ കേസുകളാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ജില്ലയെന്ന 'ബഹുമതി'യും കണ്ണൂരിനു തന്നെ
കണ്ണിനു കണ്ണ്, പല്ലിനു പല്ല് , ചോരയ്ക്കു ചോര, ! വെട്ടിന്റെയും കുത്തിന്റെയും ഭാഷയേ അറിയൂ കണ്ണൂരിലെ രാഷ്ട്രീയ നേതാക്കന്മാർക്ക് . ചോരക്കു പകരം ചോര എന്ന അപരിഷ്കൃത നിയമമാണ് കണ്ണൂരിൽ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും പിന്തുടരുന്നത് . ഈ ചോരക്കളിയിൽ മരിക്കുന്നവരാകട്ടെ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരും.
ഇതുവരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ മുന്നൂറിലേറെ പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് രാഷ്ട്രീയ പ്രതിയോഗികളുടെ ആയുധങ്ങള്‍ക്കു മുമ്പില്‍ ജീവിതം തകര്‍ന്ന് മൃതപ്രായരായി ഇപ്പോഴും ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത് .
കൊലപാതക രാഷ്ട്രീയം കൊണ്ട് പ്രത്യേകിച്ചു് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല കണ്ണൂരിലെ രാഷ്ട്രീയ പാർട്ടികൾ ! എന്നിട്ടും രാഷ്ട്രീയ കൊലപാതകങ്ങൾ അവിടെ അനസ്യൂതം തുടരുന്നു . എന്തുകൊണ്ടാണ് ഇത് ? കാരണം വ്യക്തമാണ് . കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കാൻ എളുപ്പമാണ്. രാഷ്ട്രീയാന്ധത ബാധിച്ച താഴെത്തട്ടിലുള്ള പ്രവർത്തർക്ക് ആവേശം പകരുന്ന കുറെ പ്രസംഗങ്ങളും പ്രസ്താവനകളും വച്ചു കാച്ചിയാൽ മതി. ഉടൻ കത്തിയും ബോംബുമായി അണികൾ ഇറങ്ങിക്കോളും, രാഷ്ട്രീയ എതിരാളികളുടെ വീടുകൾ ലക്ഷ്യമാക്കി , അവരെ വെട്ടി നുറുക്കി കഷണങ്ങളാക്കാൻ. എന്നാൽ സ്വന്തം വീട്ടിലെ അച്ഛനോടോ അനുജനോടോ പോയി തല്ലാനും കൊല്ലാനും പറയാനുമുള്ള ചങ്കൂറ്റം അണികളെ അക്രമത്തിലേക്ക് നയിക്കുന്ന ഈ പാർട്ടികളുടെ നേതാക്കന്മാർക്കുണ്ടോ ?
ചുമട്ടു തൊഴിലാളികൾ , ഓട്ടോ റിക്ഷാ തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ , കൂലിപ്പണിക്കാർ തുടങ്ങിയവരൊക്കെയാണ് ഇത്തരം കൊലപാതകങ്ങൾക്കായി മുന്നിട്ടിറങ്ങുന്നതും പാർട്ടിക്കുവേണ്ടി രക്തസാക്ഷികളാകുന്നതും എന്നതാണ് ഖേദകരമായ വസ്തുത . രാഷ്ട്രീയ സംഘട്ടനത്തിൽ ഇവിടെ കൊലചെയîപ്പെട്ട എണ്‍പതു ശതമാനം പേരുടെയും മാസ വരുമാനം ആയിരം രൂപയില്‍ താഴെയായിരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് . ഭൂരിപക്ഷം പേരുടെയും പ്രായം 18നും 38നും മധ്യേ. ഇതില്‍ 5.33 ശതമാനം പേര്‍ നിരക്ഷരരും 21.33 ശതമാനം പേര്‍ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരും 68 ശതമാനം പേര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രം ഉള്ളവരും ആണത്രേ
ബുദ്ധിയും ചിന്താശേഷിയും പാർട്ടി ഓഫിസുകളിൽ പണയം വച്ചിട്ട് , നേതാക്കന്മാരുടെ പ്രസംഗത്തിൽ ആവേശം കൊണ്ട് പാർട്ടിക്കുവേണ്ടി ചാവേറുകളാകുന്ന ഈ പാവം അണികളോട് വെറുപ്പോ ദേഷ്യമോ അല്ല , മറിച്ചു സഹതാപമാണ് പൊതുസമൂഹത്തിന് തോന്നുക! ഇവരെ മരണത്തിനു വിട്ടു കൊടുത്തിട്ട് നേതാക്കന്മാർ പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതീകരിച്ച മുറികളിൽ ഇരുന്നു മദ്യവും മദിരാക്ഷിയുമായി സമയം കൊല്ലുന്നു ! അവിടെ ബി ജെ പിയും സി പി എമ്മും കോൺഗ്രസും ഒറ്റക്കെട്ടാണ് .
അവർ ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞും നേരം കൊല്ലുമ്പോൾ ഇവിടെ അവരുടെ മണ്ടന്മാരായ അണികൾ പരസ്പരം തല വെട്ടിപ്പൊളിക്കുന്നു . ഏതെങ്കിലും ഉന്നതനേതാക്കളോ അവരുടെ മക്കളോ ഇതുവരെ പാർട്ടിക്ക് വേണ്ടി ജീവൻ ബലി കൊടുത്തതായി കേട്ടിട്ടുണ്ടോ ? പാർട്ടി നേതാക്കന്മാരുടെ മക്കൾ ലക്ഷങ്ങൾ കൊടുത്ത് വിദേശത്തെ സർവകലാശാലകളിൽ ചേർന്ന് ഉപരി വിദ്യാഭ്യാസം നേടി കുത്തക കമ്പനികളിൽ ജോലിക്കു കയറി ലക്ഷങ്ങൾ ശമ്പളം വാങ്ങി അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ പാവപ്പെട്ട അണികളുടെ മക്കൾ ഇവിടെ ബോംബുണ്ടാക്കാനും വടിവാളിനു വെട്ടാനും മലപ്പുറം കത്തിക്ക് കുത്താനും പരിശീലിക്കുന്നു ! അവരുടെ വീട്ടിലെ അടുപ്പിൽ കത്തുന്നത് തീയല്ല, മറിച്ചു നേതാക്കന്മാർ ശർദ്ദിച്ചിട്ട വിപ്ലവ സൂക്തങ്ങൾ ആണ് .
പരിയാരം സ്വാശ്രയ മെഡിക്കൽ കോളെജിനെതിരെ സമരം ചെയ്ത് അഞ്ചു ജീവൻ ബാലികൊടുത്ത പാർട്ടി അണികൾക്കു ഒടുവിൽ കിട്ടിയത് എന്താണ് ! അതേ കോളേജിന്റെ തലപ്പത്ത് ഇരുന്ന് പാർട്ടി നേതാവ് കോടികൾ തലവരിപ്പണം വാങ്ങി ആർമാദിച്ചു ! പ്രിഡിഗ്രി ബോർഡിനെതിരെ സമരം ചെയ്ത് ഒരുപാടു കുട്ടികളുടെ ഭാവി തകർത്തവർ ഭരണത്തിൽ വന്നപ്പോൾ പള്സ് റ്റു നടപ്പിലാക്കി അണികളെ വിഡ്ഢികളാക്കി . എ ഡി ബി വയ്പ്പക്കെതിരെ പ്രക്ഷോഭം നടത്തിയവർ അധികാരത്തിൽ വന്നപ്പോൾ ഒരു ഉളുപ്പുമില്ലാതെ അതേ വായ്പ വാങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനെതിരെ സമരം ചെയ്ത നേതാവ് പിന്നീടു അതിന്റെ ഭരണസമിതിയംഗം ആയി! ഇതെല്ലാം കണ്ടിട്ടും ബുദ്ധിതെളിയാത്ത ഒരുകൂട്ടം ആളുകൾ ഇപ്പോഴും പാർട്ടിക്കുവേണ്ടി ചാവേറുകകളാകുന്നല്ലോ എന്നോർക്കുമ്പോൾ പൊതു ജനം മൂക്കത്ത് വിരൽവച്ചുപോകുകയാണ് ! ആയുധത്തെ ആരാധിക്കുകയും രക്തത്തെ ആശ്ലേഷിക്കുകയും ചെയ്യുന്ന കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നുള്ള ബോധം ഈ പാവങ്ങളുടെ തലയിൽ ഇനി എന്നാണ് ഉണ്ടാവുക ?
പാര്‍ട്ടിഗ്രാമങ്ങളിലെ സുരക്ഷിതത്വം പറഞ്ഞ് അണികളിൽ ഭീതി പരത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന നേതാക്കന്മാർ അവരുടെ കുടുംബത്തോട് ക്രൂരതയാണ് കാണിക്കുന്നത് . എത്രയോ അമ്മമാരുടെയും ഭാര്യമാരുടെയും മക്കളുടെയും കണ്ണുനീരാണ് കണ്ണൂരിലെ മണ്ണിൽ ഒഴുകിയത് .
പാർട്ടിവിടുന്നവരെ തിരഞ്ഞുപിടിച്ചു കൊല്ലുന്നത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം ഭയത്തിന്റെ വിത്തുപാകി ബാക്കിയുള്ളവരെ പാര്‍ട്ടിക്കുള്ളിൽ തളച്ചിടുക എന്നതാണ് . ജനങ്ങളെ ഭയപ്പെടുത്തി ഭരണ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സമാന്തരഭരണമാണ് കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ ഇപ്പോൾ നടക്കുന്നത് . ഏഴുവര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം ബോംബ് നിര്‍മാണവും തുടര്‍ന്നുള്ള സ്‌ഫോടനങ്ങളുമായും ബന്ധപ്പെട്ട് ഇരുന്നൂറിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2000 മുതല്‍ 2005 വരെയുള്ള കാലയളവില്‍ കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ബോംബുകള്‍ പലതും സാങ്കേതിക തികവിലും സ്‌ഫോടന ശേഷിയിലും മാരകമായവയായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് സാക്ഷര കേരളം ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുന്നത് .
സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തെയാകെ പ്രതിക്കൂട്ടിൽ നിറുത്തിയതായിരുന്നു പ്രമാദമായ ടിപി ചന്ദ്ര ശേഖരന്‍ വധം . മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ആ കൊലപാതകത്തിന് ശേഷം കണ്ണൂരിൽ ശാന്തി പുലരുമെന്നു ജനങ്ങൾ പ്രതീക്ഷിച്ചു . എന്നാല്‍ അതിനുശേഷവും നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരിൽ നടന്നു. മേധാവിത്വം തെളിയിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ചു ബോംബുകളും വടിവാളും കത്തിയുമൊക്കെ ഉപയോഗിച്ച് കായിക ബലം കാണിച്ചപ്പോൾ കണ്ണൂരിന് അക്രമത്തിന്റെ ക്രൂര മുഖം വന്നു. കണ്ണൂർ കേരള മാപ്പിൽ കൊലയാളി ജില്ലയെന്ന് അറിയപ്പെട്ടു .
രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന ശൈലിയല്ല നൂറുശതമാനം സാക്ഷരത നേടിയ മലയാളികൾ വളര്‍ത്തിയെടുക്കേണ്ടത്. അക്രമരാഷ്ട്രീയത്തെ നിശിതമായി എതിര്‍ക്കുന്ന അഹിംസാ സിദ്ധാന്തമാണ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്മാർ ഉയർത്തി ക്കൊണ്ടുവരേണ്ടത്. സിപിഎം, ബിജെപി , കോണ്‍ഗ്രസ് എന്നീ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കന്മാരാണ് ഇതിന് മുന്‍ കൈ എടുക്കേണ്ടത്. അവർ സ്വയം ഇതവസാനിപ്പിക്കാത്ത കാലത്തോളം കണ്ണൂരിന്‍റെ മണ്ണില്‍ ഇനിയും ചോരപ്പുഴകൾ ഒഴുകും.. ഒപ്പം അമ്മമാരുടെയും ഭാര്യമാരുടെയും മക്കളുടെയും ചുടുകണ്ണീരും . ഈ ചോരപ്പുഴയിൽ ഒലിച്ചു പോകുന്നത് സ്വന്തം കാല്‍ക്കീഴിലെ മണ്ണാണെന്ന തിരിച്ചറിവ് നേതാക്കള്‍ക്കുണ്ടാകുന്നതുവരെ കണ്ണൂരിൽ ബോംബുകള്‍ പൊട്ടിക്കൊണ്ടേയിരിക്കും. കൂടുതൽ കൂടുതൽ രക്തസാക്ഷികളും ബലിദാനികളും പാര്‍ട്ടി ഒാഫീസിന്റെ ചുമരിരുകളിൽ വർണ്ണ ചിത്രങ്ങളായി തൂങ്ങിക്കൊണ്ടേയിരിക്കും!
- ഇഗ്‌നേഷ്യസ് കലയന്താനി
0 comments :
Post a Comment