News Today

« »

Friday, January 5, 2018

കാപ്പിപ്പൊടിയച്ചന്റെ നർമ്മ പ്രഭാഷണം



തവിട്ടുനിറത്തിലുള്ള ളോഹയുടെ പുറമേ അരയില്‍ കെട്ടിയ വെള്ളച്ചരടില്‍ മുറുകെ പിടിച്ചു സദസിനെ നോക്കി അച്ചന്‍ ചോദിച്ചു, എന്താണു വിവാഹം? സദസ് അച്ചന്റെ മുഖത്തേക്കു നോക്കിയിരുന്നു. അച്ചന്‍ പറഞ്ഞുതുടങ്ങി. ചക്കാത്തില്‍ ചുമക്കാന്‍ പറ്റാത്തത്, എളുപ്പത്തില്‍ എടുക്കാന്‍ പറ്റാത്തത്, പിള്ളകളിച്ചു നടക്കാന്‍ പറ്റാത്തതെന്താണോ അതാണ് വിവാഹം. അച്ചന്‍ പുഞ്ചിരിച്ചു, സദസ് ആദ്യം പൊട്ടിച്ചിരിച്ചു. പിന്നെ അച്ചനോടൊപ്പം ചിന്തിച്ചു.
ഇതു ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. കപ്പുച്ചിന്‍ വൈദികന്‍. അല്പംകൂടി ചേര്‍ത്തുപറഞ്ഞാല്‍ കപ്പുച്ചിന്‍ സന്യാസസഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍. 23 വര്‍ഷമായി ലോകമെങ്ങുമുള്ള മലയാളിക്കുടുംബങ്ങളുടെ പ്രിയപ്പെട്ട മാര്‍ഗദര്‍ശി. ലോകത്തില്‍ ഏറ്റവും അധികം കുടുംബനവീകരണ ധ്യാനവും ക്ലാസുകളും സെമിനാറുകളും നടത്തുന്ന പുരോഹിതന്‍. ക്രൈസ്തവര്‍ക്കു മാത്രമല്ല മുസ്‌ലിം, ഹിന്ദു, കൂടാതെ ഇതര ക്രൈസ്തവസഭാമക്കള്‍ക്കും സ്വീകാര്യന്‍. അഞ്ചു മിനിട്ടു പോലും ഒരേ ഇരുപ്പില്‍ ഇരുന്നു പ്രസംഗം കേള്‍ക്കാന്‍ മടിക്കുന്ന ജനം അച്ചന്റെ മുന്നില്‍ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഇരിക്കും. സമയം കടന്നുപോകരുതെന്നു മനസില്‍ പ്രാര്‍ഥിക്കുന്ന സദസ്. സരസമായി, നര്‍മത്തില്‍ പൊതിഞ്ഞു കഥകളും ഉപകഥകളും പറഞ്ഞ് എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാര്യങ്ങള്‍ അവതരിപ്പിക്കുന്ന വൈദികന്‍ വേറെയുണേ്ടാ എന്നറിയില്ല. യുട്യൂബിലെ താരമായ വൈദികന്‍. 15 ലക്ഷം പേരാണ് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം യുട്യൂബിലൂടെ ശ്രവിച്ചത്. ഓരോ പ്രഭാഷണവും അഞ്ചു ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ ശ്രോതാക്കളെ സൃഷ്ടിക്കുന്നു. 42 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. കുടുംബനവീകരണമാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്.
ബൈബിളിനെ വ്യാഖ്യാനിക്കാന്‍ ധാരാളം ആളുകളുണ്ട്. കുടുംബത്തെ നവീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചുവെന്ന് അച്ചന്‍ പറയും. അഞ്ച് പുസ്തകമെഴുതി, ഏഴ് പാട്ടുകളും എഴുതി. സരസമായ സംസാരം, ദൈവചൈതന്യം നിറഞ്ഞ പുഞ്ചിരി, ഫലിതം നിറഞ്ഞ അവതരണ രീതി. ക്രിസ്തീയ സന്ദേശം എല്ലാ മതസ്ഥര്‍ക്കും സ്വീകാര്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള പുരോഹിതന്‍. ഇടുക്കിയിലെ വലിയതോവാളയുടെ ഗ്രാമീണതയും നിഷ്‌കളങ്കതയും പരിശുദ്ധിയും ജീവിതത്തിലുള്ള വൈദികന്‍. നര്‍മരസമുള്ള കുടുംബനവീകരണ ധ്യാനങ്ങളുമായി ലോകം ചുറ്റുന്ന ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ എന്താ നര്‍മത്തിലൂടെ പറയുന്നതെന്നു ചോദിച്ചാല്‍ പറയും, എനിക്ക് ഏതു പ്രസംഗവും അഞ്ചുമിനിട്ട് കേട്ടാല്‍ ബോറടിക്കും. അപ്പോള്‍ എന്റെ അനുഭവമായിരിക്കും എല്ലാവര്‍ക്കുമെന്ന ചിന്തയുള്ളതുകൊണ്ട് ബോറടിമാറ്റാനും ഗൗരവമുള്ള വിഷയത്തെ പ്രതിപാദിക്കുമ്പോള്‍ ആളുകള്‍ക്കു പെട്ടെന്നു മനസിലാക്കാനുംവേണ്ടിയാണ് അല്പം സരസമായി പറയുന്നത്. വായനയില്‍ നിന്നും യാത്രയില്‍ നിന്നും അനുഭവത്തില്‍ നിന്നും ഉരുത്തിരിയുന്ന കഥകള്‍ അവതരിപ്പിക്കാനും ചേരുംപടി ചേര്‍ക്കാനും കഴിയുന്നു.
അച്ചനെക്കുറിച്ച്?
ഇടുക്കി വലിയതോവാള പുത്തന്‍പുരയ്ക്കല്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകന്‍. തത്ത്വശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍. സ്‌കൂളില്‍ ഡിസിഎല്‍, ദീപിക യൂത്ത് ലീഗ് തുടങ്ങിയവയിലൂടെ നേതൃപാടവത്തിനുള്ള പരിശീലനം. കെഎസ്‌സി വിദ്യാര്‍ഥി സംഘടനയിലൂടെ പൊതുരംഗത്തേക്ക്. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റുവരെയായി. കേരളകോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പരിപാടി ഉപേക്ഷിച്ചു. തുടര്‍ന്നു ഗുജറാത്തിലെ സിഎംഐ സഭയിലെ അച്ചന്‍മാരുടെ കൂടെ ഒന്നര വര്‍ഷം. തിരിച്ചുവന്നതു വൈദികനാകാന്‍ ഉറച്ച്. സുവിശേഷപ്രസംഗവും ധ്യാനവുമായി കഴിയുന്ന കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നു.
കോട്ടയം, കാരിത്താസ് കപ്പുച്ചിന്‍ വിദ്യാഭവനത്തിലായിരുന്നു വൈദികപഠനം. 1993 ഡിസംബര്‍ 26നു വൈദികാന്തസിലേക്ക് പ്രവേശിച്ചു. തിരുവനന്തപുരം, ഉഴവൂര്‍, ഭരണങ്ങാനം എന്നിവിടങ്ങളില്‍ ധ്യാനഗുരു. അസീസി ധ്യാനമന്ദിരത്തില്‍ ഡയറക്ടര്‍. ഇപ്പോള്‍ കപ്പുച്ചിന്‍ സന്യാസസഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍. ഇതെല്ലാമാണെങ്കിലും 18 മണിക്കൂറിലധികം നിരന്തരപ്രയത്‌നം. യാത്രകളില്‍ വായന, വിമാനയാത്രകളില്‍ പുസ്തകമെഴുത്ത്. സഭയെയും സഭാമക്കളെയും ഒന്നിച്ചുകൊണ്ടുപോകുമ്പോഴും കുടുംബജീവിതം നന്മയുള്ളതാക്കാന്‍ പ്രവര്‍ത്തനം. ആകെയുള്ളത് ഒരു സഹോദരന്‍, പേര് തോമസ്. പണി കൃഷി. തോമസിന്റെ മകന്‍ ഫാ. ജിന്റോ പുത്തന്‍പുരയ്ക്കല്‍ ഭരണങ്ങാനം അസീസി ധ്യാനമന്ദിരത്തിലുണ്ട്.
എങ്ങനെയാവണം കുടുംബം?
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. ഉറവിടം നേരെയായാല്‍ ഉറവയുടെ ഒഴുക്കും നേരെയാകും. സ്‌നേഹത്തിന്റെ ശൂന്യതയാണ് ബന്ധങ്ങള്‍ തകര്‍ക്കുന്നത്. ലോകം മുഴുവന്‍ നന്നാക്കുന്നവരാണ് എല്ലാവരും. പക്ഷേ, ജീവിതപങ്കാളിയോടു സംസാരിക്കാന്‍ സമയമില്ല. യന്ത്രം പോലെ ഓടിനടന്നിട്ടു കാര്യമില്ല. സ്‌നേഹിക്കുന്ന ഭര്‍ത്താവുണേ്ടാ ഭാര്യ ഏതു കുരിശും ചുമക്കും. ഏതു പാവയ്ക്ക തിന്നാലും കയ്ക്കില്ല. ഏതു പുളി തിന്നാലും പുളിക്കില്ല. ദാമ്പത്യജീവിതത്തെ പിക്‌നിക്കിനോടാണ് അച്ചന്‍ ഉപമിക്കുന്നത്. ആദ്യനാളുകളില്‍ യാത്ര വൃന്ദാവനത്തിലൂടെ. നിറയെ പൂക്കള്‍, ഒഴുകുന്ന പുഴ, ചുറ്റും വൈദ്യുത അലങ്കാരങ്ങള്‍. പിന്നെ വാഹനം കാട്ടിലേക്ക് കയറുന്നു. കുത്താന്‍ വരുന്ന ആന, വെട്ടാന്‍ വരുന്ന കാട്ടുപോത്ത്, തൊലിക്കട്ടിയുള്ള കാണ്ടാമൃഗം. ജീവിതം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. പിന്നെയും വൃന്ദാവനത്തിലേക്ക് വരാം.
ഒന്നിച്ചു യാത്രചെയ്താല്‍. ഒരു അവാര്‍ഡുദാനച്ചടങ്ങ്. 50 വര്‍ഷമായി പിണങ്ങാതെയും കലഹിക്കാതെയും ജീവിക്കുന്ന കുടുംബം. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഭര്‍ത്താവു സദസിനോടു പറഞ്ഞു: വിവാഹത്തിന്റെ ആദ്യരാത്രിയില്‍ ഞാന്‍ പറഞ്ഞു, അടിക്കാനും ഇടിക്കാനും തൊഴിക്കാനും തോന്നിയാല്‍ ഞാന്‍ വീടിന്റെ വരാന്തയില്‍ ഇറങ്ങിനില്‍ക്കും. നീ മുറി അകത്തുനിന്നു പൂട്ടി കിടന്നുകൊള്ളണം. കണ്‍ട്രോളില്‍ സംസാരിക്കാന്‍ സാധിച്ചാല്‍ വാതിലില്‍ മുട്ടും. അപ്പോള്‍ തുറന്നാല്‍ മതി. ഇതു ജീവിതത്തില്‍ വിജയകരമായി നടപ്പിലാക്കി. ഇപ്പോഴും ഞാന്‍ വീടിന്റെ വരാന്തയില്‍ തന്നെയാണ്.
വിവാഹം?
തോല്‍ക്കാന്‍ മനസുണെ്ടങ്കില്‍ വിവാഹത്തില്‍ ജയിക്കാം, എത്ര വിളഞ്ഞു നടക്കുന്നവനും പക്വതയും പാകതയും നല്‍കുന്നതാണ് വിവാഹം. പെണ്ണു കെട്ടെടാ, നീ നന്നാകും – നമ്മള്‍ കേള്‍ക്കുന്ന വാചകം. അവളെ കെട്ടിച്ചുവിടുക അവള്‍ ഒതുങ്ങിക്കൊള്ളും. ദാമ്പത്യം ഒരുമിച്ചു സഹിക്കാനും ഒരുമിച്ചു കരയാനും പടുത്തുയര്‍ത്താനുമുള്ളതാണ്. ദാം എന്നാല്‍ ദാനം ചെയ്യുക. പത്യം എന്നാല്‍ ഒരുമിച്ച് സഹിക്കുക.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ ബസിനുള്ളില്‍ തട്ടിയും മുട്ടിയും കൂട്ടിയുരുമ്മിയും നഖത്തിലെ ചെളിയും കുത്തി ഇണപ്രാവുകളെപ്പോലെ ഇരിക്കുന്ന ദമ്പതികള്‍. കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ വരുമ്പോള്‍, കണ്ടക്ടര്‍സാറേ കണ്ടക്ടര്‍സാറേ ഒരു ടിക്കറ്റ്. നിങ്ങളില്‍ ആര്‍ക്കാണ് മുന്നു വയസ് ആകാത്തതെന്ന കണ്ടക്ടറുടെ പരിഹാസമൊന്നും അവരെ ബാധിക്കില്ല. ഞങ്ങളെ കെട്ടിച്ച അച്ചന്‍ പറഞ്ഞത് ഇനിമുതല്‍ നിങ്ങള്‍ രണ്ടല്ല, ഒന്നാണെന്നാണ്. ആദ്യമൊക്കെ തട്ടിയുംമുട്ടിയും മുട്ടിയുരുമ്മിയും ഇരിക്കും. ഗര്‍ഭിണിയായോ.. നീ മുന്നിലിരുന്നോ ഞാന്‍ പിന്നിലിരുന്നോളാം, രണ്ടുമൂന്നു കുട്ടികളായോ.. നീ ഈ ബസില്‍ പൊയ്‌ക്കോ ഞാന്‍ അടുത്ത ബസില്‍ വരാം. ഇതാണു കാലം. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. ഇമ്പമില്ലെങ്കില്‍ ഭൂകമ്പമാകുമെന്ന് അച്ചന്‍ പറഞ്ഞുവയ്ക്കുന്നു. ഒരുമയുണെ്ടങ്കില്‍ ഉലക്കമേലും കിടക്കാം. ഒരുമയില്ലെങ്കില്‍ ഉലക്ക മേലേ കിടക്കും.
വിവാഹം ചേര്‍ന്നൊരു ഇണ?
ആദത്തിനൊരു ഇണവേണമെന്നു ദൈവത്തിനു തോന്നി. ദൈവം സൃഷ്ടിച്ചതില്‍ ചിരിക്കാത്ത സാധനം ആദം മാത്രമായിരുന്നു. അവന്റെ മനസിനു സന്തോഷം നല്‍കാനാണ് ഇണയെ കൊടുക്കാന്‍ തീരുമാനിച്ചത്. പിടിയാന, എരുമ… നീളുന്നു ലിസ്റ്റ്. ഇതൊന്നും ഇണയാകുന്നില്ല. തേങ്ങാമുറിയും അടയ്ക്കാമുറിയും ചേരില്ലല്ലോ. തങ്കച്ചനും തങ്കമ്മയും തമ്മിലേ ചേരൂ. ആദത്തെ ഗാഢനിദ്രയിലാക്കി. ബൈബിളില്‍ ഗാഢനിദ്ര ഇവിടെ മാത്രമേയുള്ളൂ. സ്ത്രീ വരുന്നതിനു മുമ്പു മാത്രമാണ് പുരുഷന്‍ ഗാഢനിദ്രയില്‍ കിടന്നിട്ടുള്ളൂ. സ്ത്രീ വന്നിട്ട് ഉറങ്ങാന്‍ പറ്റിയിട്ടില്ല. ആദത്തെ ഉറക്കി തലയിലെ എല്ലെടുക്കാന്‍ നോക്കി. അവള്‍ പുരുഷന്റെ തലയില്‍ കയറുമെന്നു ബോധ്യമായതുകൊണ്ട് ദൈവം അതുപേക്ഷിച്ചു. കാലിനെ എടുത്തില്ല. അവന്‍ അവളെ കാലേല്‍ വാരി അടിക്കുമെന്നു മനസിലായി. വാരിയെല്ല് എടുത്തു സ്ത്രീയെ സൃഷ്ടിച്ചു. പെണ്ണിനെ കണ്ടപ്പോള്‍ ആദം ചിരിച്ചു.
വിവാഹം ചേര്‍ന്നൊരു തുണ
ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്തരുത്. വിവാഹം ചേര്‍ന്നൊരു തുണയെ നല്കുകയാണ്. വായ് തുറന്നു സംസാരിക്കാത്തവനു വായ് അടയ്ക്കാതെ സംസാരിക്കുന്നവള്‍, പിശുക്കനു ഭൂലോക ധുര്‍ത്തുകാരിയെ, മുന്‍കോപിക്കു ശാന്തസ്വഭാവക്കാരിയെയും കിട്ടും. ചേര്‍ന്നൊരു ഇണയെക്കുറിച്ചുള്ള കാര്യം പറയുന്നതിനിടെ അച്ചനൊരു കഥ പറയുന്നുണ്ട്. സ്വര്‍ഗത്തില്‍ നിന്നു മാലാഖ പ്രത്യക്ഷപ്പെട്ട് മാര്‍പാപ്പയോടു പറഞ്ഞത്രേ: ദൈവം മനസ് മാറ്റിയിരിക്കുന്നു. ഇന്നു പാതിരാത്രി മുതല്‍ ഒരു നിയമം വരുന്നു. ഇപ്പോഴുള്ള ഭാര്യയെ മാറ്റി ഭര്‍ത്താവിനു പുതിയ ഒരാളെ സ്വീകരിക്കാം. അതുപോലെ ഭാര്യമാര്‍ക്കും ഭര്‍ത്താവിനെ മാറ്റി പുതിയ ഒരാളെ സ്വീകരിക്കാം.; ഈ സംഭവം ജനങ്ങളോടു പറയാന്‍ മാര്‍പാപ്പ എന്നോടാണു കേട്ടോ പറഞ്ഞിരിക്കുന്നത്. അച്ചന്‍ പറഞ്ഞുതുടങ്ങി, അപ്പോള്‍ പ്രസംഗം കേട്ടിരുന്നവരില്‍ ഒരാള്‍ തലപൊക്കിനോക്കി ചോദിച്ചു, ;അച്ചന്‍ ചുമ്മാ കൊതിപ്പിക്കാന്‍ പറയുവാണോ?
വിവാഹമോചനത്തിനും സമ്മാനം
അഭിഭാഷകന്‍ കൂടിയായ അച്ചന്‍ നിരവധി കേസുകളില്‍ ഇടപെട്ടിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കു നീതി ലഭിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനിടയിലും സാമ്പത്തികശേഷിയുള്ളവരുടെ കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 101 പവന്‍ സ്വര്‍ണവും 35 ലക്ഷവും സ്ത്രീധനം നല്‍കി പെണ്ണിനെ കെട്ടിച്ചുവിട്ടു. വെറും ഏഴു ദിവസം മാത്രം ഒന്നിച്ചുള്ള ജീവിതം. നല്ല സ്വഭാവമുള്ള യുവാവ്. പക്ഷേ, ഒരു കുഴപ്പം മാത്രം, ഉച്ചിമുതല്‍ പാദംവരെ ഒന്നു തൊട്ടാല്‍ വെള്ളം പോലെ തണുക്കും. ഭാര്യ ശരീരത്തില്‍ സ്പര്‍ശിക്കണമെങ്കില്‍ സ്പൂണ്‍ വേണം. അവസാനം വിവാഹമോചനത്തിലേക്ക്. ചര്‍ച്ചകളും കൗണ്‍സലിംഗും നടന്നു. സ്ത്രീധനം തിരിച്ചുകൊടുത്തു. 50,000 രൂപ വിലമതിക്കുന്ന ഗോദ്‌റേജ് അലമാര മിച്ചമായി. ഭാര്യയുടെ ഓര്‍മയ്ക്കുവേണ്ടി വയ്ക്കണമെന്നു ഭര്‍ത്താവ് വാദിച്ചു. ഭാര്യ സമ്മതിച്ചില്ല. രണ്ടുപേരും പിരിഞ്ഞു. ഒരു ദിവസം ആശ്രമത്തില്‍ പത്രവായനയില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരു മിനി ലോറി ആശ്രമത്തിനു മുന്നില്‍. പെണ്ണിന്റെ അപ്പന്‍, ഗോദ്‌റേജ് അലമാര, മൂന്ന് ചുമട്ടുകാര്‍. പെണ്ണിനും ചെറുക്കനും അലമാര വേണ്ടാത്ത സ്ഥിതിക്ക് അച്ചനിരിക്കട്ടെ എന്നായി പെണ്ണിന്റെ അപ്പന്‍. ഇതാണ് ഡൈവോഴ്‌സ് കേസില്‍ കിട്ടിയ ആദ്യത്തെ സമ്മാനം.
സ്വാര്‍ഥത?
നമ്മള്‍ കൊടുംപാപികളല്ലെന്നാണ് അച്ചന്റെ വേദം. പക്ഷേ, നമ്മള്‍ ആഗ്രഹിക്കുന്ന നന്മ ചെയ്യാതെ ആഗ്രഹിക്കാത്ത തിന്മ ചെയ്യുന്നു. തീയറ്ററില്‍ പോയി നല്ല സിനിമ കാണുമ്പോള്‍ സന്തോഷിക്കും. ഇടയ്ക്ക് കറന്റ് പോയാലോ നമ്മളിലെ കുറുക്കന്‍ തലപൊക്കും. പിന്നെ കൂവലാണ്. ബസ് സ്റ്റാന്‍ഡില്‍ ബസ് വന്നു നില്‍ക്കുമ്പോള്‍ ഇടിച്ചുകയറാനുള്ള തിടുക്കം. മറ്റുള്ളവരെ താഴെയിട്ടിട്ടായാലും സീറ്റ് തരപ്പെടുത്തണം. ബസില്‍ കയറിയാലോ നല്ല സീറ്റിനുവേണ്ടിയുള്ള തിടുക്കം. ഒരു ബസ് സ്റ്റാന്‍ഡില്‍ ഒരു ബസ് വന്നു നിന്നു. ഒരു വല്യമ്മച്ചി കവണി വാരിച്ചുറ്റി രണ്ടുമൂന്നു കൂടുകളുമായി ഇറങ്ങാനുള്ള നീക്കം. ഇടിച്ചുകയറാനുള്ളയാത്രക്കാരുടെ ശ്രമത്തിനിടയില്‍ വല്യമ്മച്ചി വേച്ചുപോകുന്നു. അപ്പോള്‍ വല്യമ്മച്ചി പറയുകയാണ്, മക്കളെ നിങ്ങള്‍ക്ക് മറ്റേതെങ്കിലും വണ്ടിയില്‍ കയറാം. എനിക്ക് ഈ വണ്ടിയില്‍ നിന്നല്ലാതെ ഇറങ്ങാന്‍ പറ്റുമോ? മനുഷ്യന്റെ സ്വാര്‍ഥതയെക്കുറിച്ച് ഇതിലും സരസമായി എങ്ങനെ പറയാനാണ്.
ഉത്തമ ഭര്‍ത്താവ്?
അപ്പന്റെയും അമ്മയുടെയും ആങ്ങളയുടെയും സ്‌നേഹം ഒന്നിച്ചു കൊടുക്കുന്നവനാണ് ഉത്തമനായ ഭര്‍ത്താവ്.
ഉത്തമഭാര്യ?
സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും വിട്ടു ഭര്‍ത്താവിന്റെ അടുത്തേക്കു വരണം. സ്വന്തം അപ്പനെയും അമ്മയെയും ഒട്ടിപ്പിടിച്ചു നില്‍ക്കരുത്. ഭര്‍ത്താവിനെ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്.
സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം?
സ്ത്രീ ക്ഷമിക്കും, മറക്കില്ല. പുരുഷന്‍ മറക്കും, പക്ഷേ, ക്ഷമിക്കില്ല.
അണുകുടുംബം?
ചില കേസുകളില്‍ ഒറ്റപ്പുത്രനെ വിവാഹം കഴിക്കുന്ന പെണ്ണിനു ദുരിതമാണ്. അമ്മയില്‍ നിന്ന് ഒരു വിടുതല്‍ മകനു ലഭിക്കാന്‍ പ്രയാസമാണ്. വന്നുകയറുന്ന പെണ്ണ് എപ്പോഴും ഒരു വിരുന്നുകാരിയായിരിക്കും.
കുടുംബത്തിന്റെ വിജയം?
ഒന്നിച്ചു പ്രാര്‍ഥിക്കുന്ന, ഒന്നിച്ചു ഭക്ഷിക്കുന്ന കുടുംബം വിജയിക്കും. മാര്‍ച്ചുമാസത്തിലെ കൊടുംചൂടില്‍ പള്ളിയില്‍ മഴയ്ക്കായുള്ള പ്രാര്‍ഥന നടക്കുന്നു. ഉച്ചകഴിഞ്ഞു മാതാപിതാക്കള്‍ പ്രാര്‍ഥിക്കാനായി പള്ളിയിലേക്കു പോയി. ഏഴു വയസുകാരന്‍ ടോമി പപ്പയോടും അമ്മയോടും ചോദിച്ചു, എവിടെ പോകുന്നു? മഴയ്ക്കായി പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകുന്നു. അപ്പോള്‍ അവന്റെ നിഷ്‌കളങ്കമായ അടുത്ത ചോദ്യം. എന്നിട്ടെന്താ നിങ്ങള്‍ കുടയെടുക്കാതെ പോകുന്നത്? മാതാപിതാക്കളില്‍ ആഴമേറിയ വിശ്വാസം വേണം. ഇതു കാണുന്ന മക്കളിലേക്കും വിശ്വാസം വന്നുകൊള്ളും.
മാതാപിതാക്കളോട്?
പ്രായമായ മാതാപിതാക്കളോടുള്ള പെരുമാറ്റം മക്കള്‍ നോക്കിക്കാണും. നിങ്ങളുടെ വാര്‍ധക്യകാലത്ത് അവരും അതേ വിധത്തില്‍ പ്രതികരിക്കും. പ്രായമായ വല്യപ്പന്‍ ചാരുകസേരയില്‍ കാലും നീട്ടിയിരുന്നു പത്രം വായിക്കുന്നു. നാലു വയസുകാരന്‍ പറയുന്നു, വല്യപ്പന്‍ ഒന്നു ശരിക്കും കണ്ണടയ്ക്കാമോ? വല്യപ്പന്‍-അതെന്തിനാണ് കളിക്കാനാണോ? വല്യപ്പന്‍ കണ്ണടച്ചാല്‍ കാര്യം പറയാം. കുട്ടിയുടെ നിഷ്‌കളങ്കമായ ചോദ്യത്തില്‍ വല്യപ്പന്‍ കണ്ണടച്ചുകിടന്നു. അവന്റെ കമന്റ്- ഇനി ഞങ്ങളുടെ വീട്ടില്‍ സമാധാനം വരും. വല്യപ്പന്‍- അതെന്താടാ അങ്ങനെ പറഞ്ഞത്? കൊച്ചുമോന്‍- എന്നും രാത്രിയില്‍ കിടക്കാന്‍ നേരത്തു മമ്മി പപ്പയോടു പറയുന്നതു കേള്‍ക്കാം, വല്യപ്പന്റെ കണ്ണടഞ്ഞാലേ ഈ വീട്ടില്‍ സമാധാനമുണ്ടാവൂവെന്ന്.
സഭാഭരണവും പ്രസംഗവും?
രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ പ്രയാസമില്ല. സഭ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ട്. പത്തനംതിട്ടയില്‍ മാനസികരോഗികള്‍ക്കു വേണ്ടിയുള്ള ഒരു ഭവനം. പുറപ്പുഴയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള ഭവനം ഉടന്‍ യഥാര്‍ഥ്യമാകും. ഇതിനിടയില്‍ തന്നെ നിരവധി മലയാളം ചാനലുകളില്‍ കുടുംബനവീകരണപരിപാടികള്‍ സംഘടിപ്പിക്കുന്നു.
അവസാനം ഒരു ചോദ്യം. അച്ചന്റെ പ്രായം?
40 വയസ് കഴിഞ്ഞിട്ട് അടുത്ത മേയ് മാസം 15 വര്‍ഷം കൂടി പൂര്‍ത്തിയാകും. (കടപ്പാട്
ജോണ്‍സണ്‍ വേങ്ങത്തടം. സണ്‍‌ഡേ ദീപിക)

0 comments :

Post a Comment