News Today

« »

Sunday, October 30, 2011

ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബിനു ആദരാഞ്ജലികള്‍




: ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു.
ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു
അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം
ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും
സമീപത്ത് ഉണ്ടായിരുന്നു.



ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ
രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം
ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍
17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം
ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക്
മാറ്റുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വിവിധ മേഖലകളിലെ വ്യക്തികള്‍
ആസ്പത്രിയില്‍ എത്തി.



ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. മക്കള്‍: അഡ്വ. അനൂപ്
ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി.
മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍,
ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍,
തിരുവനന്തപുരം).



ടി.എം. ജേക്കബ് 1977ല്‍ 26-ാം വയസ്സില്‍ പിറവം നിയോജകമണ്ഡലത്തില്‍ നിന്നാണ്
ആദ്യമായി നിയമസഭയിലെത്തുന്നത്. അഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ
അംഗമായിരുന്നു അദ്ദേഹം. പിറവത്തുനിന്നും കോതമംഗലത്തുനിന്നും മാറിമാറി
എട്ടുതവണ സഭയിലെത്തി. നാലു പ്രാവശ്യം മന്ത്രിയായി. 82-87
വിദ്യാഭ്യാസമന്ത്രിയായും 91-96ല്‍ ജലസേചന - സാംസ്‌കാരികമന്ത്രിയായും
2001-ല്‍ ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചു.





കേരള നിയമസഭയില്‍ ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണ് ജേക്കബ്. ഏറ്റവും കൂടുതല്‍
സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച അംഗങ്ങളിലൊരാണ് അദ്ദേഹം.
വിദ്യാഭ്യാസമന്ത്രിയായിരിക്കെ, നിയമസഭയില്‍ ചോദ്യത്തോരവേള മുഴുവന്‍
ഒറ്റചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കും മാത്രമായി പ്രമുഖ
നേതാക്കള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് റെക്കോഡിട്ടതും ജേക്കബ് തന്നെ.
പ്രീഡിഗ്രി ബോര്‍ഡിനെപ്പറ്റിയുള്ള 30 ചോദ്യങ്ങള്‍ക്കാണ് ജേക്കബ് മറുപടി
നല്‍കിയത്. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ നിയമസഭയില്‍ മറുപടി നല്‍കി
വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.





കേരള നിയമസഭയുടെ പരിഗണനയ്ക്കു വന്ന വിവിധ ബില്ലുകളിന്മേല്‍ ഏറ്റവും
കൂടുതല്‍ ഭേദഗതികളവതരിപ്പിച്ച അംഗങ്ങളില്‍ ഒരാള്‍ ടി.എം. ജേക്കബാണ്.



കേരളത്തില്‍ പതിനെട്ടു വയസ്സില്‍ വോട്ടവകാശം അനുവദിച്ചത് ടി.എം.
ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്. 1979 മാര്‍ച്ച്
ഏഴാം തിയ്യതി ജില്ലാഭരണ ബില്ലിന്മേലുള്ള ജേക്കബിന്റെ സുദീര്‍ഘമായ
പ്രസംഗത്തിലും തുടര്‍ന്ന് അവതരിപ്പിച്ച ദേഭഗതികളുടെയും കൂടി ഫലമാണിത്.



എറണാകുളം ജില്ലയിലെ തിരുമാറാടി താണിക്കുന്നേല്‍ മാത്യുവിന്റെയും
അന്നമ്മയുടെയും മകനായി 1950 സപ്തംബര്‍ 18നാണ് ജേക്കബ് ജനിച്ചത്.
മണ്ണത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍,
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ്
എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിയമത്തില്‍
ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്തു തന്നെ കേരള
കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.സി.യില്‍ ചേര്‍ന്നു.
മാര്‍ ഇവാനിയോസ് കോളേജിലെ യൂണിറ്റ് പ്രസിഡന്റായി തുടങ്ങി കെ.എസ്.സി.
സംസ്ഥാന പ്രസിഡന്റ് വരെയായി. പിന്നീടു യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍
സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 79-81ലും, 87-91ലും കേരള
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി. 1993ല്‍ മാതൃസംഘടനയില്‍ നിന്ന്
പിരിഞ്ഞ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് രൂപം നല്‍കി. കെ. കരുണാകരന്റെ
നേതൃത്വത്തില്‍ ഡി.ഐ.സി. (കെ) രൂപവത്കരിച്ചപ്പോള്‍ ജേക്കബ് അതിന്റെ
ഭാഗമായെങ്കിലും പിന്നീട് സ്വന്തം പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു.



സ്‌കൂള്‍ യുവജനോത്സവത്തെ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാക്കിയതിനു
പിന്നില്‍ പ്രവര്‍ത്തിച്ചത് ജേക്കബാണ്. പ്രീഡിഗ്രി കോഴ്‌സ് കോളേജുകളില്‍
നിന്നു വേര്‍പെടുത്തിയ ജേക്കബിന്റെ നടപടി ഏറെ എതിര്‍പ്പുണ്ടാക്കിയെങ്കിലും
പിന്നീട് പ്ലസ് ടു എന്ന പേരില്‍ അതേ പരിഷ്‌കാരം നടപ്പിലാക്കപ്പെട്ടു.



നെടുമ്പാശ്ശേരി വിമാനത്താവളം,കൊച്ചി രാജ്യാന്തര സ്റ്റേഡിയം എന്നിവ
യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കേരളത്തില്‍ ആദ്യമായി
ഒരു ജലനയം കൊണ്ടുവന്നത് ടി.എം.ജേക്കബാണ്.





സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ
വിഷയങ്ങളിലും ടി.എം. ജേക്കബ് പ്രതികരിച്ചിരുന്നു. യഥാര്‍ഥത്തില്‍ സംസ്ഥാന
താത്പര്യങ്ങള്‍ക്കെതിരായുള്ള പ്രശ്‌നങ്ങള്‍ ഏതെല്ലാമെന്ന് ജനങ്ങള്‍
അറിഞ്ഞിരുന്നതുതന്നെ പലപ്പോഴും ജേക്കബിന്റെ പ്രതികരണങ്ങളിലൂടെയായിരുന്നു.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ കേന്ദ്രത്തിന്റെ തീരസംരക്ഷണ
നിയമംമൂലമുണ്ടായ പ്രശ്‌നങ്ങള്‍, റെയില്‍വേ സോണ്‍ പ്രശ്‌നം എന്നിവയെല്ലാം
ആദ്യമായി ഏറ്റെടുത്തത് ജേക്കബായിരുന്നു.



ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള ഗാന്ധി അവാര്‍ഡ്, ഏറ്റവും പ്രഗല്ഭനായ
ഭരണാധികാരിക്കുള്ള പൊന്നറ ഫൗണ്ടേഷന്‍ പുരസ്‌കാരം, മികച്ച
പൊതുപ്രവര്‍ത്തകനും ഭരണാധികാരിക്കുമുള്ള ദേശീയ ശ്രമവീര്‍ അവാര്‍ഡ്, പ്രവാസി
മലയാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിനുള്ള വിദേശമലയാളി
പുരസ്‌കാരം, അമിക്കോസ് അവാര്‍ഡ് എന്നിവ ജേക്കബിനെ തേടിയെത്തിയ ബഹുമതികളില്‍
ചിലത് മാത്രമാണ്. സഭയ്ക്കും സമൂഹത്തിനും വേണ്ടി നിസ്തുലമായ
സേവനമനുഷ്ഠിച്ചതിന് പരിശുദ്ധ പാത്രിയാര്‍ക്കിസ് ബാവ ദമാസ്‌കസില്‍ വെച്ച്
കമാന്‍ഡര്‍ പദവി നല്‍കി ജേക്കബിനെ അനുഗ്രഹിച്ചിട്ടുണ്ട്.

0 comments :

Post a Comment