ചില വെബ്‌സൈറ്റുകളുപയോഗിച്ച് ഫോണ്‍കോള്‍ ചെയ്യാനാകും. ഈ വെബ്‌സൈറ്റ്
ഓപ്പണ്‍ ചെയ്‌തശേഷം ഏത് നമ്പറിലേക്കാണ് ഫോണ്‍ കോള്‍ പോകേണ്ടത് എന്ന്
ടൈപ്പുചെയ്യുക. പിന്നീട് വെബ്‌സൈറ്റ് ലഭ്യമാക്കുന്ന ഫോണ്‍
നമ്പറിലേക്ക് സ്‌കൈപ്പ് ഉപയോഗിച്ച് കോള്‍ ചെയ്‌താല്‍, ഇങ്ങനെ
ലഭിക്കുന്ന കോളിന്റെ ഉറവിടം കണ്ടെത്തുക അത്രയൊന്നും എളുപ്പമുളള
കാര്യമല്ല. ഇതുപോലെ ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം
വെബ്‌സൈറ്റുകള്‍ ലഭ്യമായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍
രാജ്യങ്ങളിലുമെല്ലാം വമ്പന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.
ഇതു
മനസ്സിലാക്കി ഇനി ഇങ്ങനെയൊന്നു ശ്രമിച്ചുനോക്കാം, തട്ടിപ്പിന്റെ
രീതിയൊന്നു മാറ്റി പഠിക്കാം എന്നൊന്നും ചിന്തിച്ചേക്കരുത്. ഇന്ത്യയുടെ
'സൈബര്‍ സുരക്ഷാ സംവിധാനം' 24 മണിക്കൂറും കഴുകന്‍ കണ്ണുകളുമായി
നോക്കിയിരിക്കുന്നുണ്ട് എന്ന് ഓര്‍ക്കുക.
നമ്മുടെ നാട്ടിലെ
ഇന്റര്‍നെറ്റ് കഫേകളില്‍ ഇപ്പോഴും ഐഡന്റിറ്റി കാര്‍ഡുകള്‍ കാണിക്കാതെ
നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. എത്ര ഉന്നത വ്യക്‌തിയായാലും
എത്ര വലിയ സുഹൃത്തായാലും സഹോദരങ്ങളായാല്‍ പോലും പൊതു കമ്പ്യൂട്ടര്‍
ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്ന സമയം, ദിവസം ഇവയും ഐഡന്റിറ്റി കാര്‍ഡ്
നമ്പറും പേരും അഡ്രസും എഴുതിവയ്‌ക്കുന്നത് നന്നായിരിക്കും. പൊതു
കമ്പ്യൂട്ടറുകള്‍ (ചില ഓഫീസുകളില്‍ ഒന്നോ രണ്ടോ കമ്പ്യൂട്ടറുകള്‍
മാത്രമായിരിക്കും ഉണ്ടായിരിക്കുക/ ഇന്റര്‍നെറ്റ് കഫേയില്‍ പല
കസ്‌റ്റമേഴ്‌സ് വന്നുപോകുന്നു) ഉപയോഗിച്ച് പണമിടപാടുകള്‍
നടത്താതിരിക്കുക. നിങ്ങളുടെ ഇ-മെയിലുകളില്‍ വരുന്ന ലിങ്കുകള്‍ വേണ്ടത്ര
ശ്രദ്ധയോടെ വായിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം ക്ലിക്ക് ചെയ്യുക.
നെറ്റ്-ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ യൂസര്‍ നെയിമും പാസ്‌വേഡും
വെബ്‌സൈറ്റിലുളള വെര്‍ച്ച്വല്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യണം.
പ്രൈവറ്റ്
ബാങ്കുകളില്‍ ചിലവ ഇ-മെയിലിലൂടെയും എസ്.എം.എസിലൂടെയും കസ്‌റ്റമേഴ്‌സിനെ
അക്കൗണ്ട് വിവരങ്ങള്‍ അറിയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഇങ്ങനെ വരുന്ന ഇ-മെയിലുകള്‍ക്കും എസ്.എം.എസുകള്‍ക്കും മറുപടി
നല്‍കേണ്ടതില്ല. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പും എ.ടി.എം പാസ്‌വേര്‍ഡ്
തട്ടിപ്പുമെല്ലാം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത് മനസ്സിലാക്കി
പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പിനിരയാകാതെ രക്ഷപെടാം.
എ.ടി.എം
കാര്‍ഡില്‍ നിന്ന് നിങ്ങളറിയാതെ പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന്
മനസ്സിലായാല്‍ നേരിട്ട് ബാങ്കില്‍ പോയി അധികൃതര്‍ക്ക് പരാതി നല്‍കുക.
എ.ടി.എമ്മിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിശ്‌ചിത ദിവസങ്ങള്‍ മാത്രമാണ്
സൂക്ഷിക്കുക. ബാങ്കില്‍ നിങ്ങള്‍ മൊബൈല്‍ നമ്പറും അപേക്ഷയും നല്‍കിയാല്‍
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച തീയതി, സമയം എസ്.എം.എസ്
അലേര്‍ട്ടിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. പണം നഷ്‌ടപ്പെട്ടാല്‍ രണ്ട്
മാസത്തിനുളളില്‍ ബാങ്കിലും പോലീസിലും പരാതിപ്പെടുന്നത് എഫ്.ഐ.ആറിന്
സഹായമാവും. തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ ബാങ്ക് നല്‍കുന്ന സുരക്ഷാ
നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.
ചില എ.ടി.എം കൗണ്ടറുകള്‍ക്കുളളില്‍
കസേരയിട്ട് സെക്യൂരിറ്റികള്‍ ഇരിക്കുന്നത് കാണാം. ഇത് കാലാവസ്‌ഥയെ
അതിജീവിക്കാനാണെന്നിരിക്കെ, എ.ടി.എം സുരക്ഷാ നിര്‍ദ്ദേശത്തില്‍ പറയുന്നത്
പണം പിന്‍വലിക്കുമ്പോള്‍ കസ്‌റ്റമര്‍ മാത്രമേ എ.ടി.എം കൗണ്ടറുകളില്‍
ഉണ്ടാകാവൂ എന്നാണ്. സെക്യൂരിറ്റി നല്ലവനോ കുറ്റവാളിയോ ആവാം. ആയതിനാല്‍
സുരക്ഷാ വീഴ്‌ചയുണ്ടാകാതിരിക്കാന്‍ ഇക്കാര്യം ബാങ്കുകളുടെ
ശ്രദ്ധയില്‍പ്പെടണം. ചിലര്‍ക്ക് എ.ടി.എം ഉപയോഗിക്കുന്നതിന് പാസ്‌വേഡ്
ടൈപ്പ് ചെയ്യാന്‍ അറിയില്ല എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബാങ്ക്
അധികൃതര്‍ പുതിയ അക്കൗണ്ട് ചേരുന്ന കസ്‌റ്റമര്‍ക്ക് ഒരു ചെറിയ എ.ടി.എം
ട്രെയിനിംഗ് കൊടുക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും.
എ.ടി.എം
കാര്‍ഡിന്റെ കവറില്‍ ചിലര്‍ പിന്‍ നമ്പര്‍ എഴുതിവയ്‌ക്കുന്നതും
കണ്ടിട്ടുണ്ട്. ഇതൊഴിവാക്കുന്നതും പണം നഷ്‌ടപ്പെടാതിരിക്കാന്‍ നിങ്ങളെ
സഹായിക്കും. സ്വന്തം എ.ടി.എം കാര്‍ഡ് മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍
കൊടുക്കാതിരിക്കുക. പിന്‍ നമ്പര്‍ രഹസ്യമായിരിക്കേണ്ട ഒന്നാണ്. അത്
നിങ്ങളുടെ സ്വകാര്യസ്വത്താണ്. ഒപ്പം സ്‌ത്രീയെന്ന നിലയില്‍ ഒരു ആവശ്യം
കൂടി മുന്നോട്ടു വയ്‌ക്കുകയാണ്. എല്ലാ ജില്ലയിലും സൈബര്‍ സെല്ലുകളില്‍
വനിതകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗം ആവശ്യമാണ്.
കടപ്പാട് .മംഗളം ദിനപ്പത്രം
0 comments :
Post a Comment