News Today

« »

Friday, October 27, 2017

paradooshanam varuthiya vina - comedy but reality - പരദൂഷണം വരുത്തി...



കുറെ സുഹൃത്തുക്കൾ ഒത്തുചേർന്നു സംസാരിക്കുകയായിരുന്നു. അന്യരുടെ ദൂഷ്യങ്ങൾ പറഞ്ഞു രസിക്കുകയായിരുന്നു അവരുടെ മുഖ്യവിനോദം. നേരം
കുറെയായപ്പോൾ അവരിൽ ഓരോരുത്തർ പിരിഞ്ഞു. ഒരാൾ പോകുമ്പോൾ അയാളെപ്പറ്റിയാകും ബാക്കിയുള്ളവരുടെ സംസാരം. അവസാനം ഒരാൾമാത്രം അവശേഷിച്ചു. ‘എന്താ പോകാറായില്ലേ’ എന്നു വേറെ ഒരു സുഹൃത്തു വന്നു ചോദിച്ചപ്പോൾ അയാൾ മറുപടി പറഞ്ഞു: ‘ഞാൻ മനപ്പൂർവം താമസിക്കുകയായിരുന്നു. ഒടുവിൽ പോകുന്നതു ഞാനായാൽ പിന്നെ എന്നെപ്പറ്റി ദൂഷ്യം പറയുവാൻ ആരും ഉണ്ടാകില്ലല്ലോ എന്നു കരുതിയാണു താമസിച്ചത്.’ സമൂഹത്തിൽ സാധാരണയായി സംഭവിക്കുന്ന ഒന്നിലേക്ക് ഇതു വിരൽചൂണ്ടുന്നു.
പരദൂഷണത്തിനുള്ള പ്രേരണ എങ്ങനെ ഉണ്ടാകുന്നു? നന്മയെക്കാൾ അധികം തിന്മയെ പ്രിയപ്പെടുവാനാണു നമ്മുടെ പ്രേരണ. അതുകൊണ്ടു തിന്മയെക്കുറിച്ചു പറയുന്നതും ചർച്ചചെയ്യുന്നതും, നാമേറെ ഇഷ്ടപ്പെടുന്നു. അസൂയയിൽനിന്നു പരദൂഷണമുയരാം. നമ്മെക്കാൾ ശ്രേഷ്ഠമായ അനുഭവമോ നിലവാരമോ മറ്റൊരാളിൽ കണ്ടാൽ അസൂയ നമ്മിൽ തലപൊക്കും. അപ്പോൾ അയാളുടെ ദോഷവശങ്ങൾ കണ്ടെത്താനും ഉയർത്തിപ്പിടിക്കാനും വെമ്പൽകൊള്ളുന്നു.

നമുക്കിഷ്ടപ്പെടാത്ത പ്രവൃത്തി ചെയ്യുന്നവരുടെ നേരെ നമുക്ക് അമർഷമുയരാം. അവരുടെ സ്ഥാനത്തു നിന്നുകൊണ്ടു കാര്യങ്ങൾ നോക്കിക്കാണാനോ, ചിന്തിക്കാനോ ഉള്ള മനസ്സ് നമുക്ക് ഉണ്ടായെന്നുവരില്ല. അവരുടെ സാഹചര്യം ശരിയായി മനസ്സിലാക്കാനോ വിലയിരുത്താനോ ശ്രമിക്കാതെ നമ്മുടെ അമർഷം അവരുടെമേൽ ചെളി വാരിയെറിയുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. എത്രകണ്ടു ചെളി വാരിയെറിയുന്നുവോ അത്രകണ്ടു സംതൃപ്തി നമ്മുടെ മനസ്സിലുണ്ടാകും. സംസ്കാരസമ്പന്നരെന്നും സന്മാർഗനിരതരെന്നും ആധ്യാത്മിക പ്രവർത്തകരെന്നും കരുതുന്നവരിൽപോലും കാണുന്ന ദുശ്ശീലമാണിത്. തങ്ങളുടെ പ്രവൃത്തികൊണ്ടു പ്രത്യേക മെച്ചമൊന്നും അവർക്കു ലഭിക്കുന്നില്ലെങ്കിൽക്കൂടി മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തുന്നതും ദുഷിച്ചുപറയുന്നതും ഒരുവിധ മാനസിക സംതൃപ്തി അവരിൽ ഉളവാക്കുന്നു. അങ്ങനെ ചെയ്യുന്നതു തങ്ങളുടെ കടമയാണെന്നുകൂടി കരുതുന്നവരുണ്ട്. അപരനെ തിരുത്തുവാനെന്ന ഭാവത്തിലും അയാളുടെ നന്മ കാംക്ഷിക്കുന്നു എന്ന നാട്യത്തിലുമാണ് അയാളുടെ പോരായ്മകൾ മറ്റൊരാളോടു പറയുന്നത്. ആത്മാർഥതയുണ്ടെങ്കിൽ ആ വ്യക്തിയോടുതന്നെ സ്നേഹത്തിന്റെ ആത്മാവിൽ സംസാരിക്കയാണു വേണ്ടത്.സ്വന്തം കുറവുകളെപ്പറ്റിയും ദൂഷ്യങ്ങളെപ്പറ്റിയും ഉപബോധമനസ്സിൽ അറിവുള്ളവർ അതിനെ അതിജീവിക്കാൻ എടുക്കുന്ന മാനസിക തന്ത്രമാണു മറ്റുള്ളവരുടെ ദൂഷ്യങ്ങൾ കണ്ടുപിടിച്ചു ചർച്ചചെയ്യുന്നത്. തങ്ങളുടെ അപകർഷതാബോധത്തെ അവർ അങ്ങനെ നേരിടുന്നു. തന്മൂലം ധാർമിക അധഃപതനത്തിലേക്ക് അവർ എത്തിച്ചേരുന്നു എന്ന്
അവർ മനസ്സിലാക്കുന്നില്ല.
അപവാദവും പരദൂഷണവും നടത്തുന്നവർ, അതിനിരയാകുന്നവരുടെ നന്മയും ശ്രേയസ്സുമാണ് ആഗ്രഹിക്കുന്നത് എന്ന വ്യാജേനയായിരിക്കും തങ്ങളുടെ കൃത്യം
നിർവഹിക്കുന്നത്. ധാർമികരോഷം ഉയരത്തക്ക ആത്മികനിലവാരം അവർക്കുണ്ട് എന്ന ഭാവത്തിലുമായിരിക്കും സംസാരം. ഓരോരുത്തരോടും ദൂഷണം കൈമാറുമ്പോൾ അവരോടു മാത്രമായി പറയുന്ന ഒന്നായി അഭിനയിക്കയും ചെയ്യും.
സ്വാഭിമാനമുള്ള ഒരുവൻ മറ്റൊരാളെ നീചമായി ദൂഷണം ചെയ്യുവാൻ ഒരുമ്പെടുകയില്ല. മറ്റൊരാളുടെ പേരിൽ വല്ല ആക്ഷേപവുമുണ്ടെങ്കിൽ അതു മിതമായ ഭാഷയിൽ അതിശയോക്തി കലർത്താതെ പറയാം. എന്നാൽ നിശിതവും കർശനവുമായ ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് മറ്റുള്ളവർ അതു വിശ്വസിക്കുമെന്നു വിചാരിക്കുന്നതു മൗഢ്യമാണ്.
പരദൂഷണത്തിൽ ഏർപ്പെടുമ്പോൾ, കേൾക്കുന്നവർ അതിൽ രസിക്കുമെങ്കിൽ കൂടുതൽ ഉൽസാഹമായി പൊടിപ്പും തെങ്ങലും വച്ച് കൂടുതൽ പറയുവാൻ പ്രേരണയാകും. പക്ഷേ, നമ്മെപ്പറ്റി മറ്റുള്ളവർ ധരിക്കുന്നതും ചിന്തിക്കുന്നതും എന്താണെന്നു നാം ഓർക്കാറില്ല. നിശ്ചയമായും പുച്ഛമല്ലാതെ ബഹുമാനം അവർക്കുണ്ടാവുകയില്ല.
ധന്യരായ മഹാത്മാക്കൾ ഈ ദുർഗുണത്തിൽനിന്നും തികച്ചും വിമുക്തരാണ്. മഹാത്മാഗാന്ധിയിൽനിന്ന് അന്യനെ ദുഷിക്കുന്ന ഒരുവാക്കുപോലും പുറപ്പെട്ടിരുന്നില്ല. ഈ ലേഖകന് അറിയാവുന്ന ഒരു ആത്മീയപിതാവ് പരദൂഷണത്തിന് ഒരുമ്പെടുന്നവരെ നിരുൽസാഹപ്പെടുത്തുകയും ശാസിക്കയും ചെയ്യുമായിരുന്നു. പരദൂഷണം നടത്താതിരുന്നാൽ മാത്രം പോരാ, അതു കേൾക്കുന്നതിനുള്ള താൽപര്യം ഉണ്ടാകാതിരിക്കയും വേണം. ഈ ദുർവ്യാധിയിൽനിന്നു രക്ഷപ്പെടുവാ‍ൻ കർശനമായ ആത്മനിയന്ത്രണം പാലിച്ചേ മതിയാകൂ. സംഭാഷണപ്രിയന്മാർക്കു വരാവുന്ന ഒരു പ്രമാദമായതുകൊണ്ടു സംഭാഷണത്തിൽ മിതത്വവും നിയന്ത്രണവും പാലിക്കുന്നത് ആശ്വാസ്യമായിരിക്കും. അന്യരുടെ കുറവുകളെ തേടിപ്പിടിക്കുന്നതിനുള്ള പ്രേരണ തിരുത്തി, അവരുടെ നന്മകളും മേന്മകളും മനസ്സിലാക്കാൻ ശ്രമിക്കുക.

0 comments :

Post a Comment