ചിരിമഴയില്‍ കുതിര്‍ന്ന മിമിക്രിവേദിയില്‍ സരിതയും ബിജിമോളും പത്മജയും വെള്ളാപ്പള്ളിയും അബ്ദുല്ലക്കുട്ടിയും മാണിയുമടക്കമുള്ളവര്‍ കൈയടി വാങ്ങി. പക്ഷേ, താരം സാംസ്കാരികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. മന്ത്രിയുടെ ‘മാസ്റ്റര്‍പീസാ’യ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം സദസ്സ് ശരിക്കും ആസ്വദിച്ചു.
മന്‍മോഹന്‍ മുതല്‍ പിണറായിവരെ നീണ്ട രവീണയുടെ മിമിക്രി സദസിനെ ശരിക്കും ഹരം കൊള്ളിച്ചു . കറന്‍സി നിരോധവും, സോളാര്‍ വിവാദവും, ദിലീപ്- കാവ്യ വിവാഹവും, രാഷ്ട്രീയ കൊലപാതകങ്ങളും ഹര്‍ത്താലും വിഷയമാക്കിയ രവീണയുടെ പ്രകടനത്തില്‍ കേരള- ദേശീയ രാഷ്ട്രീയ നേതാക്കളും തമിഴ് മലയാള ചലച്ചിത്ര താരങ്ങളും അവതരിപ്പിക്കപ്പെട്ടു. കമലിന്റെ പാകിസ്താന്‍ യാത്രയും അലന്‍സിയറുടെ പ്രതിഷേധവുമെല്ലാം ഉള്‍ക്കൊള്ളിച്ച ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രവീണയുടെ പ്രകടനം ശ്രദ്ധേയമായി.
അടുത്തകാലത്തുണ്ടായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ആക്ഷേപ ഹാസ്യരീതിയില്‍ അവതരിപ്പിച്ച രവീണയുടെ ശൈലി സദസ്സിനെ ശരിക്കും ചിരിപ്പിച്ചു. കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് രവീണ.
സുപ്രഭാതം പൊട്ടിവിടരുന്നതും പാല്‍ കറന്നെടുക്കുന്നതും പണക്കാരന്റെയും പാവപ്പെട്ടവന്റെയും വീട്ടിലെ പട്ടികളെയും കണ്ടുമടുത്ത സദസ്സിന് ഏറെ ഇഷ്ടമായതും പുതിയ വിഷയങ്ങളിലൂന്നിയ രവീണയുടെ പ്രകടനമാണ്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സംസ്ഥാന തലത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മിമിക്രിയില്‍ രവീണയ്ക്ക് തന്നെയായിരുന്നു ഒന്നാംസ്ഥാനം. കോഴിക്കോട് പന്തീരാങ്കാവിനടുത്ത് വള്ളിക്കുന്ന് സ്വദേശികളായ ബാബുവിന്റെയും ഷെറീനയുടെയും മകളാണ് രവീണ.
രവീണയുടെ സഹോദരന്‍ രാഹുലും ഒരു മിമിക്രി കലാകാരനാണ്. മുമ്പ് സംസ്ഥാന തലത്തില്‍ രാഹുല്‍ ഒന്നാമതെത്തിയിട്ടുണ്ട്. അയല്‍വാസിയും മിമിക്രി കലാകാരനുമായ കലാഭവന്‍ പ്രദീപ് ലാല്‍ ആണ് രവീണയ്ക്ക് പരിശീലനം നല്‍കുന്നത്.
0 comments :
Post a Comment