News Today

« »

Wednesday, September 28, 2011

ചിത്രമെഴുതാന്‍ ചുവരോ ചായമോ ബ്രഷുകളോ വേണ്ട


Photobucket





കമ്പ്യൂട്ടറിന്‍െറ വരവ് ചിത്രകലയിലെ നിശ്ചിത ധാരകളെ കടപുഴക്കി. 
ചിത്രമെഴുതാന്‍ ചുവരോ ചായമോ ബ്രഷുകളോ ചായം ചാലിക്കാനുള്ള പാലറ്റോ വേണ്ട
എന്ന അവസ്ഥയുമായി. ഗ്രാഫിക് സോഫ്റ്റ്വെയറുകള്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ
ഫോട്ടോഗ്രഫിയുടെയും ചിത്രകലയുടെയും മൗലിക മാനങ്ങളെ അടിസ്ഥാനമാക്കിയാണ്.
അഡോബ് ഫോട്ടോഷോപ്, കോറല്‍ പെയിന്‍റര്‍ക്ളാസിക്, കാന്‍വാസ്, ജിംപ്
തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ രചിക്കുവാന്‍
നിങ്ങളൊരു ചിത്രകാരനാവണമെന്നില്ല.  മുമ്പ്, ചിത്രകല അതഭ്യസിച്ചവര്‍ക്കു
മാത്രമാണ് വഴങ്ങിയിരുന്നതെങ്കില്‍, ഇപ്പോള്‍ അതെല്ലാം മറന്നേക്കുക.
വിലയേറിയ കാന്‍വാസുകളും ബ്രഷുകളും ചായങ്ങളും വാങ്ങി ചിത്രങ്ങളെഴുതാന്‍
തപസ്സനുഷ്ഠിച്ചവര്‍ക്ക് അതൊന്നുമില്ലാതെ, ഇപ്പോള്‍ ‘വെര്‍ച്വല്‍
പെയിന്‍റിങ്’നടത്താന്‍കഴിയും. നിരവധി ഫില്‍ട്ടറുകളും ഒരുപാട്
ടെക്സ്ച്വറുകളുമുപയോഗപ്പെടുത്തി  ഛായാചിത്രങ്ങളോ പ്രകൃതിദൃശ്യങ്ങളോ
ചലനചിത്രങ്ങളോ കമ്പ്യൂട്ടറില്‍ രചിക്കാം -നടേപറഞ്ഞ വാട്ടര്‍കളറിലോ
ഓയില്‍കളറിലോ ചാര്‍ക്കോളിലോ ഒക്കെ!

കേരളത്തിലെ ഏതു കുഗ്രാമത്തിലുമിരുന്ന് സാക്ഷാല്‍ ഡാവിഞ്ചിയും രവിവര്‍മയും
വിചാരിച്ചാല്‍ കഴിയാത്തത്ര വേഗതയിലും കൃത്യതയിലും അവസാനത്തെ
അത്താഴത്തിന്‍േറയും ഹംസ-ദമയന്തിയുടേയും പകര്‍പ്പുകള്‍ കമ്പ്യൂട്ടറില്‍
സൃഷ്ടിച്ച് ലോകത്തിന്‍െറ ഏതു കോണിലും നടക്കുന്ന എക്സിബിഷനുകളിലും
പ്രദര്‍ശിപ്പിക്കാം. സോത്ബി പോലെയുള്ള കുത്തകകളുടെ ലേല മാമാങ്കങ്ങളില്‍
നമ്മുടെ സൃഷ്ടികളും ഉള്‍പ്പെടുത്താം.

ചുവരുകളില്‍നിന്ന് മോണിറ്ററുകളിലേക്കും കോംപാക്ട് ഡിസ്ക്കുകളിലേക്കും
നെറ്റ് ബ്രൗസറുകളിലൂടെലോകത്തിന്‍െറ അനന്തസ്ഥലങ്ങളിലേക്കും ചിത്രങ്ങള്‍ക്കു
കടന്നുചെല്ലാം. വത്തിക്കാനിലെ സിസ്റ്റൈന്‍ചാപ്പലിലെ കാലാതിവര്‍ത്തിയായ
സൃഷ്ടികള്‍ കണ്ടാസ്വദിക്കാന്‍  നേരിട്ടവിടെ ചെല്ളേണ്ടതില്ല. നമ്മുടെ
വീട്ടിലെ കമ്പ്യൂട്ടറിലെ മൗസുകൊണ്ടോ ഗ്രാഫിക്പെന്‍ കൊണ്ടോ വിശ്വവിഖ്യാത
രചനകളില്‍ ഭേദഗതികള്‍ വരുത്താം. വാന്‍ഗോഗിന്‍െറ  സൂര്യകാന്തിപ്പൂക്കളിലെ
മഞ്ഞയുടെ തീക്ഷ്ണത കൂട്ടുകയോ കുറക്കുകയോ ആവാം. അതെ, ചിത്രകല വളരുകയാണ്;
ഗുഹാമനുഷ്യന്‍െറ കൈകളില്‍ തുടങ്ങി അനന്തവിഹായസ്സിന്‍െറ കാല്‍പനിക 
ലോകങ്ങളിലേക്ക്...   


അനിമേഷന്‍

കാര്‍ട്ടൂണുകളുടെ ചലനരൂപമാണ് അനിമേഷന്‍ ചിത്രങ്ങള്‍. സിനിമയുടെ
കണ്ടുപിടുത്തമാണ് ഈ ശാഖക്ക് വഴിയൊരുക്കിയത്. ഇവ കുട്ടികള്‍ക്കുമാത്രമല്ല,
ഏതു പ്രായക്കാര്‍ക്കും സ്വീകാര്യവുമാണ്. മിക്കി മൗസ്, ടോംആന്‍ഡ് ജെറി, 
ജങ്ക്ള്‍ബുക് എന്നിവ ലോകപ്രശസ്തമാണ്. അനിമ എന്ന ലാറ്റിന്‍ പദത്തിന്
അനിമേറ്റിങ് പ്രിന്‍സിപ്പ്ള്‍ എന്നാണ് ഇംഗ്ളീഷില്‍. കഥകള്‍ക്കുമാത്രമല്ല,
പ്രചാരണത്തിനും പരസ്യമാധ്യമത്തിലും അനിമേഷന്‍ ഫിലിമുകള്‍ 
പ്രയോജനപ്പെടുത്തുന്നുണ്ട്. കൂട്ടായ്മയുടെ സൃഷ്ടിയാണ് അനിമേഷന്‍
എന്നതിനാല്‍ ഇതിന്‍െറ സ്രഷ്ടാവിനെ എടുത്തുകാട്ടാനാവില്ല. കളങ്ങളായി
ചിത്രങ്ങള്‍ കടലാസ്സില്‍ വരച്ച് ചലന പ്രതീതിയുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍
ചിത്രകാരന്മാര്‍ മുമ്പേ നടത്തിയിരുന്നു. സിനിമയുടെ വരവോടെയാണ് അനിമേഷന്‍
സാധ്യത വികസിച്ചത്. സ്പെഷല്‍ ഇഫക്ട് എന്ന മേഖലയിലായിരുന്നു അനിമേഷന്‍
പ്രക്രിയയെ ചേര്‍ത്തിരുന്നതെങ്കിലും  വ്യത്യസ്തമായ അനേകം രംഗങ്ങളില്‍
അനിമേഷന്‍  പ്രയോജനപ്പെടുന്നു. 

സ്റ്റോറി ബോര്‍ഡില്‍ നിന്ന്  കീഫ്രെയ്മുകളായാണ് ഇവ ആദ്യം
രൂപംകൊള്ളുന്നത്. പ്രധാനമായും ഹാസ്യരസമാവും ഉള്ളടക്കത്തിലുണ്ടാവുക.
ചാനലുകളുടെ വരവോടെ അനിമേഷന്‍ സാധ്യതക്ക് അതിരുകളില്ലാതായി. കമ്പ്യൂട്ടറിലെ
അനിമേഷന്‍ സോഫ്റ്റ് വെയറുകള്‍ ചിത്രകാരന്മാരുടെ പണി എളുപ്പമാക്കി.
ചിത്രകഥകള്‍ക്ക് കോളങ്ങളും പേജുകളും പരിധിയാവുമ്പോള്‍ അനിമേഷന്
സമയപരിധിയാണ് പ്രധാനം. ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞുഫലിപ്പിക്കുക
എന്നതാണ് മുഖ്യം . ചിത്രം മുപ്പതു സെക്കന്‍ഡ് ദൈര്‍ഘ്യത്തിലുള്ളതാണെങ്കിലും
അതിന്‍െറ ദൃശ്യവത്കരണത്തിന് ആയിരക്കണക്കിന്  ഫ്രെയ്മുകള്‍
വരച്ചുണ്ടാക്കണം. ജങ്ക്ള്‍ ബുക് ഒക്കെ ഇങ്ങനെയാണ് കാഴ്ചപ്പുറത്തുവരുന്നത്.
അനിമേഷന്‍ പ്രിന്‍റ് മീഡിയ അല്ല, ദൃശ്യശ്രാവ്യ മാധ്യമം ആണ്. പശ്ചാത്തല
സംഗീതത്തിന് ജിങ്ക്ള്‍ എന്ന ബിറ്റുകളാണ് ഉപയോഗിക്കുക. കഥാപാത്രങ്ങളുടെ
ശബ്ദത്തിന് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സേവനവും വേണം. കമ്പ്യൂട്ടറിലെ 
അനിമേഷന്‍ സോഫ്റ്റ് വെയറുകളുടെ വരവ്  ചിത്രകാരന്മാരുടെ പണി ഇല്ലാതാക്കി.
അവരുടെ സര്‍ഗശേഷിക്കല്ല, ഡക്ക്വേലകള്‍ക്കാണ് കമ്പോളം ഊന്നല്‍
നല്‍കുന്നത്.  അമേരിക്കയിലെ അനിമേഷന്‍ കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്ന
ടൂണ്‍സ്  ഇന്ത്യയിലേക്ക് വന്നു. നമ്മുടെ കൊച്ചു കേരളത്തില്‍,
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ഓഫിസ് തുറന്ന അവര്‍ ഇവിടെയുള്ള
ചിത്രകാരന്മാര്‍ക്ക് കമ്പ്യൂട്ടറിലും ഗ്രാഫിക് സോഫ്റ്റ് വെയറുകളിലും
പരിശീലനം നല്‍കി അവരെ മികച്ച ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളായും
അനിമേറ്റര്‍മാരായും മാറ്റിയെടുത്തു. ഭാരതത്തിലെ പുരാണങ്ങളില്‍ നിന്നും
ഇതിഹാസങ്ങളില്‍ നിന്നും മുങ്ങിയെടുത്ത വിഷയങ്ങളില്‍ നിന്ന് നിരവധി
അനിമേഷന്‍ ചിത്രങ്ങള്‍ ടൂണ്‍സ് അക്കാദമിയില്‍ നിന്ന് സൃഷ്ടിച്ചെടുത്ത് ലോക
മാര്‍ക്കറ്റിലേക്ക് വിട്ടു.മുമ്പ്, സായ്പ് നമ്മുടെ സാംസ്കാരിക പൈതൃകമാണ്
കടത്തിയതെങ്കില്‍, ഇപ്പോള്‍ മനുഷ്യശേഷി കടത്തി
കാശുണ്ടാക്കുന്നുവെന്നേയുള്ളു.

കാരിക്കേച്ചര്‍

കാര്‍ട്ടൂണുകളില്‍നിന്ന് തുലോം വിഭിന്നമാണ് കാരിക്കേച്ചര്‍.
വ്യക്തിഗതചിത്രണത്തിന് ഹാസ്യഛായ നല്‍കിയാണ് രചന. ബോള്‍പെന്‍ മുതല്‍ ഏതു
മീഡിയത്തിലും ആവിഷ്കരിക്കാമെങ്കിലും വ്യക്തിത്വം പ്രകടമാക്കുന്നതിന്
അസാമാന്യമായ പ്രതിഭ വേണം. കോമാളിത്തമല്ല, വക്രതയാണ് ചിത്രീകരണത്തിന്
വശ്യതയുണ്ടാക്കുക.അനാട്ടമിയിലോ പ്രൊപോര്‍ഷനിലോ ശ്രദ്ധവേണ്ട,പക്ഷേ
വ്യക്തിത്വത്തെയും ചേഷ്ടകളെയും നന്നായി നിരീക്ഷിച്ചറിഞ്ഞാലേ നല്ല
കാരിക്കേച്ചര്‍ വരക്കാനാവൂ.




ടെലിവിഷന്‍ ചാനലുകളിലൂടെ കോമിക്കുകളും പരസ്യങ്ങളും ഒഴുകിവന്നതോടെയാണ്
അനിമേഷന്‍െറ അനന്തസാധ്യതകള്‍ ഇവിടെ തെളിഞ്ഞത്. അതോടെ, പണ്ട് കടലാസും
പേനയും മഷിയും ബ്രഷും കൊണ്ട് ചിത്രകഥയും കാര്‍ട്ടൂണും രേഖാചിത്രണവുമൊക്കെ
നടത്തി അന്നം തേടിയിരുന്ന ആര്‍ട്ടിസ്റ്റുകളുടെ സേവനം
വേണ്ടെന്നായിട്ടുണ്ട്. കീ ഫ്രെയ്മുകളില്‍ നിന്ന് അതിവേഗത്തില്‍ അനിമേഷന്‍
ഫിലിമുകള്‍ സിനിമാറ്റിക് ഘടനയില്‍ മാറിയപ്പോള്‍ അനിമേഷന്‍ സ്കൂളുകളും
കൂണുകള്‍ പോലെ മുളച്ചുപൊന്തി. കനത്ത ഫീസ് മുടക്കി അനിമേഷന്‍ കോഴ്സ്
പൂര്‍ത്തിയാക്കിയവരില്‍ നിന്ന് എത്രപേരുടെ മികച്ച സൃഷ്ടികള്‍ വന്നിട്ടുണ്ട്
എന്നത് പഠനവിഷയമാക്കാവുന്നതാണ്. കാരണം, ഒരു രൂപ വിലയുള്ള കടലാസില്‍ രണ്ട്
രൂപ വിലവരുന്ന പെന്‍സില്‍ ഉപയോഗിച്ച് എന്തെങ്കിലും മൗലിക രചന നടത്താന്‍
കഴിയാത്തവര്‍ക്ക്, അമ്പതിനായിരം രൂപയുടെ കമ്പ്യൂട്ടറില്‍ അരലക്ഷം രൂപയുടെ
സോഫ്റ്റ്വെയറുപയോഗിച്ച് ഒന്നും സൃഷ്ടിക്കാനാവില്ല.

0 comments :

Post a Comment