News Today

« »

Wednesday, July 6, 2011

സന്തോഷം പകരുന്ന തീരുമാനം



വിദ്യാഭ്യാസ മേഖലയ്ക്കു വളരെയേറെ സന്തോഷം പകരുന്ന തീരുമാനമാണ് അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ വിദ്യാഭ്യാസ മന്ത്രി മുന്നോട്ടുവച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ എല്ലാ സ്കൂളുകളിലെയും അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആയി പുതുക്കി നിശ്ചയിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുന്നു എന്ന പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്. നിയമനം ലഭിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലാണത്രെ. ഈ രണ്ടു നടപടികളും പ്രാവര്‍ത്തികമായാല്‍ അവ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കു ഗുണപരമായ സംഭാവനകള്‍ നല്‍കാന്‍ പര്യാപ്തമാണ്.

ആരോഗ്യമേഖലയിലെന്ന പോലെ വിദ്യാഭ്യാസ രംഗത്തും കേരള മോഡല്‍ ആഗോള പ്രസിദ്ധമായിരുന്നു. ഇന്നുള്ളതിന്‍റെ പകുതി പോലും സൗകര്യങ്ങളില്ലാതിരുന്ന അക്കാലത്തു സ്തുത്യര്‍ഹമായ നേട്ടമുണ്ടാക്കിത്തന്നത് അന്നത്തെ ഗുരുശ്രേഷ്ഠന്മാരായിരുന്നു എന്നതാണു വസ്തുത. വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങള്‍ മാത്രമല്ല, വീട്ടുകാര്യങ്ങള്‍ വരെ ശ്രദ്ധിക്കാന്‍ അവര്‍ സമയം കണ്ടെത്തി. തങ്ങളുടെ മുന്നിലിരിക്കുന്ന ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു. അധ്യാപകരുടെ മികവാണ് പൊതു സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള വളര്‍ച്ച നേടാന്‍ തങ്ങള്‍ക്കു നിമിത്തമായതെന്നു തുറന്നു സമ്മതിച്ചവരാണു മുന്‍ രാഷ്ട്രപതിമാരായ കെ.ആര്‍. നാരായണനും എ.പി.ജെ. അബ്ദുള്‍കലാമും. ഇരുവരും എക്കാലത്തും അവരുടെ ഗുരുനാഥന്മാരെ വളരെയധികം ആദരിച്ചിട്ടുമുണ്ട്. പഴയ തലമുറയിലെ ഒട്ടേറെ മുന്‍നിരക്കാരെ വാര്‍ത്തെടുക്കുന്നതിലും അന്നത്തെ അധ്യാപകര്‍ക്കു വലിയ പങ്കാണുണ്ടായിരുന്നത്. ഇന്നത്തെ തലമുറയ്ക്ക് അതിനുള്ള ഭാഗ്യം വളരെ കുറച്ചു മാത്രം. അതിനുള്ള പ്രധാന തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അധ്യാപക വിദ്യാര്‍ഥി അനുപാതമാണ്. വളരെക്കൂടുതല്‍ കുട്ടികളെ ഒരേ സമയം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകരുടെ പരാതി. അതൊരു വശം മാത്രം. യോഗ്യരും പ്രാപ്തരുമായ അധ്യാപകരുടെ അഭാവം മറുവശം. വേണ്ടത്ര ഉള്‍ക്കാഴ്ചയും നിരീക്ഷണ പാടവവും അര്‍പ്പണബുദ്ധിയും ആവശ്യമായതാണ് അധ്യാപനവൃത്തി. കഴിവും യോഗ്യതയും മാത്രം നോക്കി നിര്‍ണയിക്കപ്പെടേണ്ട ഈ ജോലി മാത്രമാണു പണം കൊടുത്തു വാങ്ങി, സര്‍ക്കാര്‍ ശമ്പളം പറ്റാവുന്ന ഏക ജോലി എന്നതും മറന്നു കൂടാ. സ്വാഭാവികമായും നിലവാരത്തകര്‍ച്ചയുടെ കാരണവും അവിടെ എത്തി നില്‍ക്കുന്നു.

നിയമനം ലഭിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത സാഹചര്യവും അതീവ ദയനീയമാണ്. സ്വകാര്യ സ്കൂളുകളില്‍ ഇന്നു നിയമനം ലഭിക്കുന്നതിനു നിസാര ലക്ഷങ്ങള്‍ പോരാ. കിടപ്പാടം വരെ വിറ്റും പണയപ്പെടുത്തിയുമാണു പലരും ഇങ്ങനെ ജോലി തരപ്പെടുത്തുന്നത്. എല്ലാം നഷ്ടപ്പെടുത്തി ജോലി തരപ്പെടുത്തുമ്പോള്‍ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് അവര്‍ക്കുള്ളത്. എന്നാല്‍, വന്‍ ശമ്പളക്കുടിശിക മൂലം കടക്കെണിയിലായ നൂറുകണക്കിന് അധ്യാപകര്‍ കേരളത്തിലുണ്ട്. മലബാര്‍ മേഖലയില്‍ പുതുതായി അനുവദിച്ച 178 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 1900 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ പല കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന മലബാറില്‍ ഇനിയെങ്കിലും ഗുണകരമായ വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കും എന്നതിന്‍റെ സൂചനയായി ഇതിനെ കണ്ടാല്‍ മതി.

ഗ്രാമ സഭകളില്‍ മിനിറ്റ്സ് എഴുതുന്ന ജോലിയില്‍ നിന്ന് അധ്യാപകരെ ഒഴിവാക്കുന്ന കാര്യവും പരിഗണനയിലാണത്രെ. നല്ല കാര്യം. ഇതടക്കം അധ്യാപകരെ മറ്റു പല ജോലികളും സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നുണ്ട്. സെന്‍സസ് മുതല്‍ തെരഞ്ഞെടുപ്പു ജോലികള്‍ വരെ ഇവര്‍ ഏറ്റെടുത്തു നടപ്പാക്കുമ്പോള്‍ അത്രയും അധ്യയന ദിവസമാണു സ്കൂളുകള്‍ക്കു നഷ്ടമാകുന്നത്. മിക്കപ്പോഴും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരെയാണ് ഈ ജോലി ഏല്‍പ്പിക്കാറുള്ളതും. ഇത്തരത്തിലുള്ള അധ്യാപനേതര ജോലികള്‍ കൂടി ഏറ്റെടുക്കുന്നതാണു നിലവാരത്തകര്‍ച്ചയ്ക്കു കാരണമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊതു ബജറ്റില്‍ ഏറ്റവും കൂടുതല്‍ വിഹിതം ലഭിക്കുന്ന വകുപ്പുകളിലൊന്നാണു വിദ്യാഭ്യാസം. എന്നാല്‍, അതിന്‍റെ പ്രയോജനം പൊതു സമൂഹത്തിനു വേണ്ട തോതില്‍ ലഭിക്കുന്നുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. ദേശീയ - അന്തര്‍ ദേശീയ നിലവാരത്തില്‍ പാഠ്യ പദ്ധതികള്‍ പരിഷ്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തില്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കപ്പെടുമെന്നു തീര്‍ച്ചയായും പ്രതീക്ഷിക്കാം

0 comments :

Post a Comment