News Today

« »

Monday, July 25, 2011

ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍





ഗര്‍ഭധാരണം മുതല്‍ സ്ത്രീകള്‍ ആകെ സന്തോഷത്തിലായിരിക്കും. അത് ആദ്യ കുട്ടിയായാലും മൂന്നാമത്തെ കുഞ്ഞാണെങ്കിലും ഒരുപോലെ തന്നെ. എന്നാല്‍ അത്രയേറെ സന്തോഷിക്കുമ്പോഴും പല കാര്യങ്ങളിലും മുന്‍കരുതലും ശ്രദ്ധയും അത്യാവശ്യമാണ്. അതില്‍ പ്രധാനമാണു കുടുംബത്തില്‍ ആര്‍ക്കെങ്കിലും ജനിതക വൈകല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ്. ജനിതക വൈകല്യങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. അതിനു പ്രത്യേകിച്ചു പാറ്റേണുകളുണ്ടാവില്ല. അതുകൊണ്ടു തന്നെ അത്തരം പ്രശ്നങ്ങളുള്ള കുഞ്ഞാണോ ഗര്‍ഭത്തിലുള്ളതെന്ന് അത്ര പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുടുംബത്തില്‍ ഇത്തരം ജനിതക രോഗങ്ങള്‍ അലട്ടിയിരുന്നു എന്നു വ്യക്തമായി അറിയുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം ഡോക്റ്ററോടു പറയണം. ഇതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നേരത്തേ കണ്ടെത്താനാവും.

ലോകത്തു ജനിക്കുന്ന ആയിരം കുട്ടികളെ പരിശോധിച്ചാല്‍ അവരില്‍ രണ്ടു പേര്‍ക്കാവും ഓട്ടിസമെന്ന ജനിതക പ്രശ്നമുണ്ടാവുക. ഓട്ടിസം എന്നതു ബുദ്ധിമാന്ദ്യമെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതു നാഡികളുടെ വികാസത്തില്‍ സംഭവിക്കുന്ന ഡിസ്ഓര്‍ഡറാണ്. ചുറ്റുപാടുമായി ഇണങ്ങാനും ആശയവിനിമയം നടത്താനും കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്നു. ചിലപ്പോള്‍ ഒരു കാര്യം തന്നെ തുടര്‍ച്ചയായി ചെയ്യുന്നതും ചിലതു ചെയ്യാതിരിക്കുന്നതും ഇതിന്‍റെ ലക്ഷണങ്ങള്‍. തലച്ചോറില്‍ വിവരങ്ങള്‍ പ്രോസസ് ചെയ്യപ്പെടുന്നതിനേയും ഓട്ടിസം സ്വാധീനിക്കുന്നു. മൂന്നു തരത്തിലാണ് ഓട്ടിസ്റ്റിക് ഡിസ്ഓര്‍ഡര്‍ കുട്ടികളിലുണ്ടാവുക. തലച്ചോറിലെ നാഡികളില്‍ വ്യത്യാസമുണ്ടാവുകയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വൈകല്യങ്ങള്‍ പ്രകടിപ്പിക്കും. അടുത്തതു ഭാഷാവൈകല്യമുണ്ടാക്കുന്നു. ലോഹങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം കൊണ്ടു ജീനുകളില്‍ വ്യത്യാസം സംഭവിക്കുന്നതാണ് ഓട്ടിസത്തിനു കാരണമായി ഗവേഷകര്‍ വിലയിരുത്തുന്നത്.

മൂന്നു വയസിനു മുമ്പു തന്നെ കുഞ്ഞുങ്ങള്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. അച്ഛനമ്മമാര്‍ പലപ്പോഴും കുഞ്ഞിന്‍റെ ആദ്യ രണ്ടു വയസിനുള്ളില്‍ത്തന്നെ ഇത്തരം വൈകല്യങ്ങള്‍ കണ്ടെത്താറാണു പതിവ്. വളരുന്തോറും ഈ ലക്ഷണങ്ങളും വികസിക്കും. എന്നാല്‍ ചില ഓട്ടിസ്റ്റിക് കുഞ്ഞുങ്ങള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ല. ചെറുപ്രായത്തില്‍ത്തന്നെ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍, കുട്ടികള്‍ക്കു കൂടുതല്‍ സംരക്ഷണം നല്‍കാനും സാമൂഹ്യമായി പൊരുത്തപ്പെടാനും ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ ശീലിപ്പിക്കാനും കഴിയുന്നു. ഓട്ടിസമുള്ള കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയായാലും ഒറ്റയ്ക്കു ജീവിക്കാന്‍ കഴിയില്ല. സ്വയം പര്യാപ്തത നേടിയവരുമുണ്ട്.

ഓട്ടിസത്തിനുള്ള ചികിത്സ പ്രകാരം രോഗത്തെ ഇല്ലായ്മ ചെയ്യുകയല്ല. ഓട്ടിസവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുകയും കുടുംബത്തിലുണ്ടാവുന്ന പ്രയാസങ്ങള്‍ അകറ്റുകയുമാണ്. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാന്‍ കേരളത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കു നല്ലൊരു ജീവിതം പ്രദാനം ചെയ്യുകയും സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുകയുമാണ്. കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയാണ് ആദ്യം വേണ്ടത്. സ്കൂള്‍ തലം മുതല്‍ത്തന്നെ ഇത്തരം ട്രീറ്റ്മെന്‍റ് തുടങ്ങണം. അവിടെ ഇന്‍റന്‍സിവ് സ്പെഷ്യല്‍ എഡ്യുക്കേഷനും ബിഹേവിയര്‍ തെറാപ്പിയും കുട്ടികളില്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നു. ഇതിലൂടെ കുട്ടികള്‍ക്കു സ്വയം സംരക്ഷണം, സാമൂഹ്യപരമായുള്ള ഒത്തുചേരല്‍, ജോലി ചെയ്യാനുള്ള കഴിവുകള്‍ എന്നിവ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു. മാത്രമല്ല ഓട്ടിസത്തിലൂടെ സ്വഭാവത്തില്‍ വന്ന വൈകല്യങ്ങള്‍ കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്കെത്താനുമുള്ള വഴിയൊരുക്കുകയുമാണ്.

ഓട്ടിസം ബാധിച്ച കുട്ടിക്കു പ്രാഥമിക ആവശ്യങ്ങളെക്കുറിച്ചു പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും കഴിഞ്ഞില്ലെന്നു വരും. അതുകൊണ്ടു തന്നെ മാതാപിതാക്കള്‍ ഇത് ഊഹിച്ചെടുക്കേണ്ട അവസ്ഥയാകുന്നു. കുഞ്ഞിന്‍റെ വിശപ്പ്, ദാഹം, അസുഖം എന്നിവ പറഞ്ഞു മനസിലാക്കാന്‍ കുഞ്ഞിനു കഴിയാതെ വരുമ്പോള്‍ അച്ഛനമ്മമാരാണ് ബുദ്ധിമുട്ടുക. തന്‍റെ കാര്യങ്ങള്‍ തിരിച്ചറിയാന്‍ അമ്മയ്ക്കു കഴിയാതെ വരുമ്പോള്‍ കുഞ്ഞിനു ദേഷ്യവും സങ്കടവുമൊക്കെയുണ്ടാകും. ഇതു കുട്ടികളെ കൂടുതല്‍ ദേഷ്യക്കാരനും സ്വയം വേദനിപ്പിക്കുന്ന സ്വഭാവക്കാരനുമാക്കും. സ്വയം വേദനിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരേയും ഉപദ്രവിക്കാന്‍ തുടങ്ങുന്നു. ചില കുട്ടികള്‍ക്ക് ഉറങ്ങുന്നതിലാണു പ്രശ്നമെങ്കില്‍ മറ്റു ചിലര്‍ ഭക്ഷണം കഴിക്കുമ്പോഴാവും ബുദ്ധിമുട്ട്. ഇതെല്ലാം കണ്ടു നില്‍ക്കേണ്ടി വരുന്ന കുടുംബത്തിലുള്ളവരാണ് കൂടുതല്‍ സമ്മര്‍ദത്തിലാവുന്നത്. മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടതു മികച്ച ഒരു സോഷ്യോ സൈക്കോ ഹെല്‍പ്പറെ കണ്ടെത്തി ഉപദേശം തേടുകയാണ്. ഓട്ടിസം എന്നതു രോഗമായി കാണാതെ ഒരു വ്യത്യാസമായി കണ്ടു നോക്കൂ, കുഞ്ഞിനെ സാധാരണനിലയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കഴിയും.

കടപ്പാട് : മെട്രോ വാര്‍ത്ത ദിനപ്പത്രം 

0 comments :

Post a Comment