News Today

« »

Monday, July 25, 2011

സാറ ഹുസൈന്‍.

 ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ചേര്‍ത്തലയ്ക്കടുത്ത് അരൂക്കുറ്റിയില്‍ നിന്നു തലയില്‍ തട്ടവുമിട്ട് ഒരു പെണ്‍കുട്ടി ദിവസവും എറണാകുളത്തേക്കുള്ള ബസ് കയറുമായിരുന്നു. എവിടെ പോകുന്നുവെന്നു ചോദിച്ചവരോട് അവള്‍ ഭവ്യതയോടെ മറുപടി പറഞ്ഞു. ചിത്രകല പഠിക്കാന്‍ പോകുകയാണ്. കേട്ടവര്‍ മൂക്കത്തു വിരല്‍ വെച്ചു. ഈ പെണ്‍കുട്ടിയിതെന്തു ഭാവിച്ചാ? ചിത്രകല പഠിച്ചിട്ടെന്തു കിട്ടാനാ? ആ ചോദ്യങ്ങളുടെ പടി കടന്ന് ആ പെണ്‍കുട്ടി പിന്നെയും തന്‍റെ ആഗ്രഹത്തിലേക്കു യാത്ര ചെയ്തു. കാലത്തിന്‍റെ കാന്‍വാസില്‍ നിറങ്ങള്‍ മാറിമറിഞ്ഞു. ഇന്ന് ആ പെണ്‍കുട്ടിയുടെ ചിത്രങ്ങളുടെ പ്രശസ്തി കടല്‍ കടക്കുന്നു. ഇത് സാറ ഹുസൈന്‍. കേരളത്തിലേതു മാത്രമല്ല വത്തിക്കാന്‍, ഒമാന്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ പള്ളികളിലെ അള്‍ത്താരകളില്‍ സാറയുടെ ചിത്രങ്ങള്‍ ദൈവികഭാവം പകരുന്നുണ്ട്.

മലയിടം തുരുത്ത് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ അള്‍ത്താരയിലേക്കുള്ള ചിത്രങ്ങള്‍ വരച്ചു കൊണ്ടിരിക്കുകയാണ് സാറ ഇപ്പോള്‍. അള്‍ത്താരയില്‍ വയ്ക്കുന്നതിനു വേണ്ടി എട്ട് ചിത്രങ്ങളാണു സാറ വരച്ചത്. യേശുവിന്‍റെ രണ്ടാം വരവ് എന്ന ആശയത്തെ ആസ്പദമാക്കിയാണ് കൂടുതല്‍ ചിത്രങ്ങളും വരച്ചിരിക്കുന്നത്. സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാര്‍ക്കും മാതാവിനും സ്നാപക യോഹന്നാനും നടുവില്‍ ഭൂമിയിലേക്കുള്ള വരവിനൊരുങ്ങുന്ന യേശുക്രിസ്തു. അദ്ദേഹത്തിന്‍റെ വരവിന്‍റെ സൂചനയായി പരിശുദ്ധാത്മാവ് ഭൂമിയിലേക്കു വരുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. എട്ട് അടി നീളവും എട്ട് അടി വീതിയുമുള്ള ചിത്രമാണിത്. യേശുക്രിസ്തു അന്ധനെ സുഖപ്പെടുത്തുന്നതും പ്രഭാഷണം നടത്തുന്നതുമായ ചിത്രങ്ങള്‍ക്കും സാറ ജീവന്‍ പകര്‍ന്നിട്ടുണ്ട്. 13-ാം നൂറ്റാണ്ടിലെ ശൈലിയില്‍ വരച്ച ഗബ്രിയേല്‍, മിഖായേല്‍ മാലാഖമാരുടെ ചിത്രങ്ങളാണു കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നത്. ഇഞ്ചൂര്‍ മാര്‍ തോമാ സെഹിയോന്‍ ചര്‍ച്ചിലേക്കു സാറയും ഗുരു ഒണിക്സ് പൗലോസും ചേര്‍ന്നു വരച്ച അന്ത്യ അത്താഴം പ്രശസ്തമാണ്. ഇരുപത് അടി നീളവും ഒന്‍പത് അടി വീതിയുമുള്ള ഈ ചിത്രം കേരളത്തിലെ തന്നെ ഏറ്റവും വലിയ അന്ത്യ അത്താഴ ചിത്രമാണ്.

മട്ടാഞ്ചേരിയിലുള്ള ഒണിക്സ് സ്റ്റുഡിയോയിലിരുന്നാണു സാറ കാന്‍വാസിലേക്കു നിറങ്ങള്‍ ചാലിക്കുന്നത്. പത്ത് വര്‍ഷമായി ഒണിക്സ് പൗലോസ് എന്ന ചിത്രകാരന്‍റെ ശിഷ്യയാണു സാറ ഹുസൈന്‍. ചിത്രകാരിയെന്ന നിലയിലുള്ള തന്‍റെ നേട്ടങ്ങള്‍ക്കു പിന്നില്‍ തന്‍റെ ഗുരുവാണെന്നു സാറ പറയുന്നു. അദ്ദേഹമാണു തന്നിലെ പ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. ചെറുപ്പം മുതല്‍ക്കു ചിത്രരചനയോടു താത്പര്യമുണ്ടായിരുന്ന സാറ സ്കൂള്‍പഠനം പൂര്‍ത്തിയാക്കിയ ശേഷമാണു ചിത്രരചന പഠിക്കാന്‍ ആരംഭിച്ചത്. വാട്ടര്‍ കളര്‍ മാത്രമാണ് അന്നു വരച്ചിരുന്നത്. ബിരുദ പഠനകാലത്തും ചിത്രരചന പഠിക്കാന്‍ സാറ സമയം കണ്ടെത്തിയിരുന്നു. ഓയില്‍ പെയ്ന്‍റിങ്, അക്രിലിക് എന്നിവയിലും പരിശീലനം നേടി.

കലയോടു താത്പര്യമുള്ള കുടുംബമാ ണു സാറയുടെ കലാജീവിതത്തിനു പിന്തുണയേകുന്നത്. ആദ്യകാലങ്ങളില്‍ ചിത്രകാരിയാകാനുള്ള സാറയുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലായിരുന്നു പലരുടേയും പ്രതികരണം. എന്നാല്‍ ഉമ്മൂമ്മ ഖദീജയും അമ്മ സാജിദയും സാറയുടെ ചിത്രരചനയോടുള്ള താത്പര്യത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. നിറങ്ങളുടെ ലോകത്ത് കൂടുതല്‍ നേരം ചെലവഴിക്കാനിഷ്ടപ്പെടുന്ന സാറയ്ക്ക് കൂടുതല്‍ അടുപ്പം തോന്നുന്ന ചിത്രങ്ങള്‍ വിറ്റു പോകുമ്പോള്‍ ചിലപ്പോള്‍ സങ്കടം തോന്നാറുണ്ട്. കാശ് കിട്ടിയാലും താന്‍ മനസ് കൊണ്ടു നിറം പകര്‍ത്തിയ ചിത്രങ്ങള്‍ നഷ്ടപ്പെടുന്നുവെന്നതാണു സാറയുടെ സങ്കടം. അനിമേഷനില്‍ താത്പര്യമുള്ള സാറ ഇപ്പോള്‍ മള്‍ട്ടിമീഡിയ കോഴ്സ് വിദ്യാര്‍ഥിയാണ്.

മട്ടാഞ്ചേരിയിലെ ഹലേഗ്വ ആര്‍ട്ട് ഗാലറിയില്‍ സാറ ഹുസൈന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ തെരുവുകളെയാണ് ഈ ചിത്രങ്ങളില്‍ കൂടുതലായും പകര്‍ത്തിയിരിക്കുന്നത്. ഇടനാഴിയിലൂടെ നടന്നകലുന്ന മദര്‍ തെരേസയെ നോക്കി നില്‍ക്കുന്ന കുട്ടികളുടെ ചിത്രം ഏറെ ആകര്‍ഷണീയമാണ്. അടുത്തിടെ മദര്‍തെരേസയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതാണ് ഈ ചിത്രം വരയ്ക്കാന്‍ പ്രേരകമായതെന്നു സാറ പറയുന്നു. ഗണപതിയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങളും സാറയുടെ കലക്ഷനിലുണ്ട്. മോദകവും കൈയിലേന്തി നൃത്തമാടുന്ന ഗണപതിയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്കാണു സാറ നിറം പകര്‍ന്നിട്ടുള്ളത്. കല്ലില്‍ കൊത്തിയ ഗണപതിയുടെ രൂപത്തെ കാന്‍വാസിലേക്കു പകര്‍ത്തിയ ചിത്രം കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു.



 കടപ്പാട് :മെട്രോ  വാര്‍ത്ത 

0 comments :

Post a Comment