News Today

« »

Monday, July 25, 2011

കംപ്യൂട്ടറും കണ്ണുകളും



ശാരിക ശങ്കര്‍

ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ഈയിടെ കണ്ണുകളെക്കുറിച്ചു നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് കേട്ടാല്‍ ആരുടേയും കണ്ണുതള്ളും. കുറച്ചു കൂടി കഴിഞ്ഞാല്‍ കണ്ണ് അടിച്ചു പോകാനും മതി. ഇനി കാര്യം, മൂന്നു മണിക്കൂറില്‍ കൂടുതല്‍ കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്ന തൊണ്ണൂറു ശതമാനം ആളുകളുടേയും കണ്ണുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരിക്കും. സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകള്‍ക്കു മാത്രമല്ല തുടര്‍ച്ചയായി കംപ്യൂട്ടറില്‍ സിനിമ കാണുന്ന കുട്ടികള്‍ക്കു വരെ ഇതു ബാധകമാണ്. കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നത് കുഴപ്പം തന്നെയാണ് എന്നു തിരിച്ചറിഞ്ഞിട്ടും പ്രതിവിധി തേടുന്നില്ല എന്നത് മറ്റൊരു വശം.

ഒരുപാട് നേരം കംപ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ചിലത് ഇതൊക്കെയാണ്. തലവേദന, കഴുത്തു വേദന, കാഴ്ച മങ്ങല്‍, കണ്ണു ചുവക്കുക, കണ്ണിനു തളര്‍ച്ച, കണ്ണിലെ ജലാംശം നഷ്ടപ്പെടുക, ഡബിള്‍ വിഷന്‍, ഫോക്കസ് ചെയ്യുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ട്. ഇതൊന്നും കാര്യമാക്കാതെ പോകരുത്. ഇനിയും പ്രശ്നങ്ങളുണ്ടാക്കുന്ന പല രീതികളും ഓരോരുത്തരും സ്വയം ഉണ്ടാക്കുന്നുണ്ട്. കംപ്യൂട്ടര്‍ വച്ചിരിക്കുന്ന ഇടത്തെ ലൈറ്റിങ് ശരിയല്ലെങ്കില്‍, മുറിയില്‍ വച്ചിരിക്കുന്ന ഫാനില്‍ നിന്നും കാറ്റ് കണ്ണിലേക്കു തന്നെ അടിക്കുകയാണെങ്കില്‍, കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പു ശരിയല്ലെങ്കില്‍ ഒക്കെ പ്രശ്നങ്ങള്‍ കൂടുകയേയുള്ളൂ.

കണ്ണു ചിമ്മാന്‍ മറന്ന്...

ഇനിയും തീര്‍ന്നിട്ടില്ല. സാധാരണ മനുഷ്യര്‍ കണ്ണു ചിമ്മാറുണ്ട്. എന്നാല്‍ കംപ്യൂട്ടറില്‍ എന്തെങ്കിലും രസകരമായ കാര്യങ്ങള്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണു ചിമ്മാന്‍ പോലും മറന്നു പോകുന്നു. ഇതു നാച്ചുറല്‍ ബ്ലിങ്കിങ് റേറ്റ് കുറയ്ക്കുകയാണ്. ഒപ്പം കണ്ണിലെ ടിയര്‍ ഫ്ളുയിഡ് വരണ്ടുപോകുന്നതോടെ, ഡ്രൈനെസ് അനുഭവപ്പെടുന്നു. ഇനി കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പിനെക്കുറിച്ചു നോക്കാം. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുടെ സ്ക്രീന്‍ പലപ്പോഴും ഐ ലെവലില്‍ നിന്നു ഉയരത്തിലായിരിക്കും. മുകളിലേക്കു നോക്കിയിരിക്കേണ്ടി വരുന്നതുകൊണ്ടു മസിലുകള്‍ കൂടുതല്‍ ആയാസപ്പെടുകയും പെട്ടെന്നു ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഒരിടത്തേക്കു തന്നെ തുടര്‍ച്ചയായി ഫോക്കസ് ചെയ്യേണ്ടി വരുന്നതുകൊണ്ടു കണ്ണുകളിലെ സീലിയറി മസിലുകള്‍ പെട്ടെന്ന് ക്ഷീണിക്കുന്നു. കംപ്യൂട്ടറില്‍ നിന്നുള്ള പ്രതിഫലനങ്ങളും പ്രകാശവും കണ്ണുകളെ മോശമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കണ്ണിനെ കാക്കണം കൃഷ്ണമണിപോലെ

ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതാണ്. കംപ്യൂട്ടര്‍ എപ്പോഴും നേരെ മുന്നില്‍ത്തന്നെ വയ്ക്കുക. വശങ്ങളിലേക്കു വയ്ക്കുന്നത് കഴുത്തിന് പ്രശ്നമുണ്ടാക്കും. കണ്ണുകളില്‍ നിന്ന് ഇരുപതു മുതല്‍ ഇരുപത്താറ് ഇഞ്ച് അകലത്തില്‍ വേണം സ്ക്രീന്‍ സെറ്റ് ചെയ്യാന്‍. സൗകര്യപ്രദമായ ഐലെവലില്‍ കംപ്യൂട്ടര്‍ സ്ക്രീന്‍ വയ്ക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ കസേരയുടെ പൊക്കം അഡ്ജസ്റ്റ് ചെയ്താലും മതി. കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൈകള്‍ രണ്ടും ഫ്ളോറിനു സമാന്തരമായി വരണം. കാല്‍പ്പാദങ്ങള്‍ ഫ്ളാറ്റ് റെസ്റ്റ് ചെയ്യണം. കാലുകള്‍ ഉയര്‍ത്തി വയ്ക്കാന്‍ പാടില്ല. ശരീരം എപ്പോഴും റെസ്റ്റിങ് പൊസിഷനിലാവണം, അതായത്, കുനിഞ്ഞോ വളഞ്ഞോ ഇരിക്കാന്‍ പാടില്ല.

കംപ്യൂട്ടര്‍ സ്ക്രീനിന്‍റെ ബ്രൈറ്റ്നസും കോണ്‍ട്രാസ്റ്റും കണ്ണിന് സുഖമുള്ള തരത്തിലേക്ക് അഡ്ജസ്റ്റ് ചെയ്യണം. സ്ക്രീനില്‍ ഗ്ലെയര്‍ സ്ക്രീന്‍ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നതും നന്നായിരിക്കും. ആന്‍റി ഗ്ലെയര്‍ കോട്ടിങ്ങുള്ള കണ്ണടകള്‍ ധരിക്കുന്നതാണ് മിക്കവാറും പേര്‍ കംപ്യൂട്ടറിന്‍റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം. എന്നാല്‍ ഇതൊരു ശാശ്വത പരിഹാരമല്ല. കണ്ണിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ആദ്യം കറക്റ്റ് ചെയ്യണം. ഫോക്കസിങ് പ്രോബ്ലം തോന്നുമ്പോള്‍ 20-20-20 റൂള്‍ ശീലിക്കാം. അതായത്, ഇരുപതു മിനിറ്റ് നേരം കംപ്യൂട്ടര്‍ നോക്കിയിരുന്നാല്‍, ഇരുപതു സെക്കന്‍ഡ് നേരത്തേക്ക് ഇരുപത് അടി ദൂരെയുള്ള മറ്റൊരിടത്തേക്കു നോക്കാം. ഓഫിസില്‍ ജനാലയുടെ അടുത്തിരിക്കുന്നവര്‍ എന്തെങ്കിലും പച്ചപ്പിലേക്കു നോക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നന്നായിരിക്കും. തുടര്‍ച്ചയായി ഇരിക്കുന്നവര്‍ 15 - 20 മിനിറ്റിനിടെ ഒരു ബ്രേക് എടുക്കേണ്ടതാണ്. സീറ്റില്‍ നിന്ന് എഴുന്നേറ്റു കുറച്ചു നടക്കുന്നതും നല്ലത്. ഇടയ്ക്കിടെ കണ്ണുകള്‍ മുറുക്കി അടയ്ക്കുന്നതും ആശ്വാസമാകും.

നാല്‍പ്പതു വയസു കഴിഞ്ഞവര്‍ അല്ലെങ്കില്‍ വെള്ളെഴുത്തു കണ്ണട ഉപയോഗിക്കുന്നവര്‍ കംപ്യൂട്ടറില്‍ നോക്കാന്‍ മള്‍ട്ടി ഫോക്കല്‍ ലെന്‍സോ, പ്രത്യേകമായി ഡിസൈന്‍ ചെയ്ത കണ്ണടയോ ഉപയോഗിക്കണം. വെള്ളെഴുത്തു കണ്ണടയിലെ ലെന്‍സ് താഴെയായതുകൊണ്ട് കംപ്യൂട്ടറിലേക്കു മുഖം ഉയര്‍ത്തി നോക്കേണ്ടി വരും. കണ്ണുകള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ല്യൂബ്രിക്കന്‍റ് ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുക. ഇടയ്ക്കിടെ കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതും ക്ഷീണമകറ്റും.

കുരുന്നു കണ്ണുകള്‍

കുട്ടികളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. ഷോര്‍ട്ട് സൈറ്റ് പോലുള്ള അസുഖങ്ങള്‍ ബാധിച്ച് കണ്ണട ധരിക്കേണ്ട അവസ്ഥയിലേക്കു കുട്ടികള്‍ എത്തിപ്പെടുന്നത് കംപ്യൂട്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോഴാണ്. കളിയും കൂട്ടുകാരുമായി വളരുന്ന സാധാരണ കുട്ടികളേക്കാള്‍ കംപ്യൂട്ടറിനും വിഡിയോ ഗെയ്മിനും ടെലിവിഷനും മുന്നിലിരിക്കുന്ന നഗരങ്ങളിലെ കുട്ടികള്‍ക്കാണ് കണ്ണടയുടെ ആവശ്യം കൂടുതലായി വരുന്നത്. മാത്രമല്ല അവരുടെ സാധാരണ നിലയിലുള്ള ബൗദ്ധികവും സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ പ്രശ്നങ്ങളുണ്ടാക്കാനും കംപ്യൂട്ടറുകള്‍ കണ്ണുകള്‍ക്കുണ്ടാക്കുന്ന അപകടം തിരിച്ചറിഞ്ഞ് അവയെ ചെറുത്തു തോല്‍പ്പിക്കാനും കഴിയണം.

കടപ്പാട് : മേട്രോവാര്‍ത്ത ദിനപ്പത്രം  

0 comments :

Post a Comment