News Today

« »

Wednesday, October 23, 2013

ജോലിയൊന്നും ചെയ്യാതെ വെറുതേ കിടക്കുന്നതിന് പ്രതിഫലം മാസം മൂന്നു ലക്ഷം രൂപ !!

ജോലിയൊന്നും ചെയ്യാതെ വെറുതേ കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്.ഇനി അങ്ങനെ വെറുതേ കിടക്കുന്നതിന് പ്രതിഫലം കൂടി നല്‍കിയാലോ കാര്യം കുശാലായില്ലേ?(സൂര്യാ ടി വിയുടെ തെറിയാളി   ഹൌസിൽ ആണും പെണ്ണും    കെട്ടിപ്പിടിച്ചു  പരദൂഷണം  പറഞ്ഞു കിടക്കുന്നതിന്റെ പ്രതിഫലമല്ല   കേട്ടോ)   വെറുതെ ഒരു മെത്തയില്‍ കിടക്കുന്നതിന് മാസം 5000 ഡോളര്‍(മൂന്നു ലക്ഷം രൂപ) തരുമെന്ന് ഉറപ്പ് നല്‍കുന്നത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ്. അപേക്ഷിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് ഒരുകാര്യം ഓര്‍ക്കുക. അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കോ മാത്രം മതിയെന്ന മുന്നറിയിപ്പും കൂടെയുണ്ട്.
ബഹിരാകാശ യാത്രികര്‍ക്ക് സംഭവിക്കാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ കിടത്തി പരീക്ഷണം. ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെടുത്തിയുള്ള പരീക്ഷണത്തിന്റെ ഭാഗമായി തലഅല്‍പം താഴ്ത്തിവെച്ച് കാലുകള്‍ ഉയര്‍ത്തി പ്രത്യേകമായ രീതിയില്‍ 70 ദിവസമാണ് കിടക്കേണ്ടത്. ദിവസവും ഈ കിടപ്പിനിടയില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് അതും പരിമിതമായ സമയത്തേക്ക് മാത്രമേ എഴുന്നേല്‍ക്കാന്‍ അനുവദിക്കൂ. തുടര്‍ച്ചയായുള്ള ഈ കിടപ്പിലൂടെ ബഹിരാകാശ യാത്രികരുടേതിന് സമാനമായ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് ശാരീരിക മാറ്റങ്ങള്‍ മനസ്സിലാക്കാനാണ് നാസയുടെ ശ്രമം.
അപേക്ഷിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഇങ്ങനെ കിടത്തി പ്രതിഫലം നല്‍കുക. രണ്ട് വിഭാഗമായി തിരിച്ചായിരിക്കും ബെഡ് റെസ്റ്റ് പഠനം. ഇതില്‍ ആദ്യ വിഭാഗത്തില്‍ പെടുന്നവര്‍ 105 ദിവസും രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ 97 ദിവസവും വീതം ഗാള്‍വെസ്റ്റനിലെ ടെക്‌സാസ് മെഡിക്കല്‍ ബ്രാഞ്ച് യൂണിവേഴ്‌സിറ്റിയിലാണ് പരീക്ഷണത്തിനായി കിടക്കേണ്ടത്.
മൂന്നു ഘട്ടമായാണ് പരീക്ഷണം. ഇതില്‍ ആദ്യ ഘട്ടത്തില്‍ ഇരുവിഭാഗത്തിലുള്ളവര്‍ക്കും സ്വതന്ത്രമായി ചലിക്കാനും സാധാരണപോലെ കാര്യങ്ങള്‍ ചെയ്യാനും മുറിയില്‍ അവസരം നല്‍കും. രണ്ടാമത്തേതാണ് ബെഡ് റെസ്റ്റ് കാലം. ഇത് 70 ദിവസം നീളും. മൂന്നാമത്തെ റിക്കവറി പീരിഡാണ്. 14 ദിവസം നീളുന്ന ഈ ഘട്ടത്തില്‍ ആദ്യത്തേത് പോലെ സ്വതന്ത്രമായ ചലിക്കാനുള്ള അവസരം നല്‍കും. മൂന്നു ഘട്ടത്തിലും പങ്കെടുക്കുന്നവര്‍ ഹൃദയം, എല്ലുകള്‍, മസില്‍, നാഡികള്‍ എന്നിവയുടെ പരിശോധനയ്ക്ക് വിധേയരാകണം.
അവധിക്കാലം ആഘോഷിക്കാന്‍ എന്നും പ്രിയമുളള അമേരിക്കക്കാര്‍ക്കെല്ലാം അപേക്ഷിക്കാം.കുറച്ച് കിടന്നു ബുദ്ധിമുട്ടണം എന്നല്ലേയുളളൂ.

0 comments :

Post a Comment