News Today

« »

Tuesday, December 27, 2011

വിജ്ഞാന കുതുകികളുടെ തലതൊട്ടപ്പന്‍






അറിവിന്‍െറ രാജകുമാരന്‍, വിജ്ഞാന കുതുകികളുടെ തലതൊട്ടപ്പന്‍ എന്നെല്ലാം പുകള്‍പെറ്റ റിവേഴ്സ് ക്വിസ് ഗ്രാന്‍ഡ്  മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപ് അറിവിന്‍െറ തേരോട്ടം തുടങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു. വിജ്ഞാനത്തിന്‍െറ വിസ്ഫോടനം സ്യഷ്ടിച്ചു മുന്നേറിയ ഈ ഷോ ഭാഷയുടെ അതിര്‍ത്തിയും ഭൂഖണ്ഡത്തിന്‍െറ അതിര്‍ത്തിയും പിന്നിട്ട് ഒന്‍പതു ചാനലുകളില്‍ വ്യത്യസ്ത ഭാഷകളില്‍ ഇരുപത്തിനാലായിരത്തില്‍പരം  എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. റിവേഴ്സ് ക്വിസിലൂടെ ലിംകാ ബുക്ക് ഒഫ് റെക്കോര്‍ഡ്സിലെത്തിയ അദ്ദേഹം കടന്നുവന്ന വഴികളിലെ കല്ലും മുള്ളും നിറഞ്ഞ പ്രതിസന്ധികള്‍ തരണം ചെയ്തത് അറിവെന്ന ആയുധം കൊണ്ടാണ്. വാക്ചാതുര്യം കൊണ്ടും ധിക്ഷണാശക്തിയുടെ പിന്‍ബലം കൊണ്ടും ആയിരക്കണക്കിനുപേരെ അടിയറവു പറയിച്ച അദ്ദേഹം വിനയത്തോടെ ഇപ്പോഴും പറയുന്നു ''ഞാന്‍ ഓരോനിമിഷവും പുതിയ അറിവുകള്‍തേടികൊണ്ടിരിക്കുകയാണ്.'' പ്രശസ്തിയിലേക്കുവന്ന വഴികളെകുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം വാചാലനായി.

അശ്വമേധം എന്നെ സെലിബ്രിറ്റിയാക്കി

അശ്വമേധമെന്ന പരിപാടിയാണ് എന്നെ പ്രശസ്തനാക്കിയത്. അത് ചെയ്തില്ലായിരുന്നുവെങ്കിലും ഞാന്‍ ഇവിടെ തന്നെയുണ്ടാകുമായിരുന്നു. പക്ഷേ ഞാന്‍ മറ്റൊരുതലത്തിലായിരിക്കും അറിയപ്പെടുക. 1987 മുതല്‍ ഞാന്‍ ടെലിവിഷന്‍രംഗത്തുണ്ടായിരുന്നു. ദൂരദര്‍ശനിലെ ഒരു നിമിഷമെന്നായിരുന്നു ആ പരിപാടിയുടെ പേര്. അന്നെനിക്ക് പതിനഞ്ചുവയസ്സായിരുന്നു. അശ്വമേധം ചെയ്യുക എന്നത് ദൈവനിശ്ചയം അല്ലെങ്കില്‍ എന്‍െറ നിയോഗമായിരുന്നു. അതിലേക്ക് ഞാന്‍ എത്തിപ്പെടുകയായിരുന്നു.

രണ്ടായിരത്തിലാണ് അശ്വമേധമെന്ന പ്രോഗ്രാം ചെയ്യുന്നതിനായി കൈരളിചാനലുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. വളരെ ആകസ്മികമായി സംഭവിച്ചതാണത്. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരായിരുന്നു ആദ്യം ഷോയില്‍ പങ്കെടുത്തത്. വളരെ പെട്ടെന്ന് പ്രോഗ്രാം ഹിറ്റായിമാറിയത്. വിഡ്ഢിപ്പെട്ടി എന്ന്  അറിയപ്പെട്ടിരുന്ന  ടെലിവിഷനെ വിജ്ഞാനപ്പെട്ടിയാക്കാന്‍ ഈ ഷോയിലൂടെ കഴിഞ്ഞു. അഞ്ഞൂറോളം എപ്പിസോഡുകള്‍ പിന്നിട്ട   അശ്വമേധം ചാനലുമായുണ്ടായ ചിലപ്രശ്നങ്ങളെ തുടര്‍ന്ന്  നിര്‍ത്തേണ്ടിവന്നു. അതിനുശേഷം ജയ് ഹിന്ദ് ടിവിയില്‍ രണാങ്കണം ചെയ്തു. അതും വിജയമായിരുന്നു. പിന്നീട് തമിഴ് ചാനലായ സ്റ്റാര്‍ വിജയില്‍ പരിപാടി അവതരിപ്പിച്ചു. തമിഴ്നാട്ടില്‍ ഇത് വമ്പന്‍ഹിറ്റായി. ഇപ്പോള്‍ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രക്ഷേപണമുള്ള ശക്തി ടി വി , മുണ്‍ ടി വി (മിഡില്‍ ഈസ്റ്റ്) സാക്ഷി ടി വി (തെലുങ്ക്) തുടങ്ങിയ ചാനലുകളില്‍ സമാനമായ പരിപാടി അവതരിപ്പിച്ചു. ഇതിനുവേണ്ടി കന്നടയും, തെലുങ്കും, തമിഴും, സിംഹളയുമൊക്കെ പഠിച്ചു. മലയാളത്തില്‍ ചെയ്യുന്ന അതേ ചടുലതയോടും വേഗതയോടും കൂടിത്തന്നെയാണ് ഈ ഭാഷകളിലും ചെയ്യുന്നത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ ധാരാളം ലൈവ് പ്രോഗ്രാമുകളും ചെയ്യുന്നുണ്ട്. വിവിധ ഭാഷകളില്‍ പ്രോഗ്രാം നടത്തിയതിന് ഈ വര്‍ഷത്തെ ജ്വാല മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചു.

പുസ്തകങ്ങളുടെ കൂട്ടുകാരന്‍

ദിവസം പത്തു പുസ്തകമെങ്കിലും ഞാന്‍ വായിച്ചിരിക്കും. ഓരോ സീസണിലും ഓരോ പുസ്തകമാണ് എന്നെ സ്വാധീനിക്കുന്നത്. ഷെര്‍ലക്ക് ഹോംസ് കഥകളാണ് അശ്വമേധം ചെയ്യാന്‍ പ്രചോദനമായത്. സുഭാഷ് ചന്ദ്രന്‍െറ മനുഷ്യന് ഒരു ആമുഖം വായിച്ചു ഞാന്‍ വികാരാധീനനായി. എഡ്വാര്‍ഡോ ഗലീനിയായുടെ മിറേഴ്സ് എന്ന പുസ്തകമാണ് ഇപ്പോള്‍ എന്‍െറ മനസിനെ പിടിച്ചുലച്ച പുസ്തകം.

വളരെചെറുപ്പത്തില്‍ തന്നെ വായിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അച്ഛനും അമ്മയുമാണ് എന്‍െറ വ്യക്തിത്വ വികസനത്തിന്‍െറ അടിസ്ഥാനം. വളരെസംഭവ ബഹുലമായ കുട്ടിക്കാലമൊന്നുമല്ലായിരുന്നു. ഏഴ് വയസ്സുള്ളപ്പോള്‍തന്നെ ഞാന്‍ ആനുകാലികങ്ങളൊക്കെ വായിച്ചുതുടങ്ങി. പിന്നെ എന്‍െറ വായനയുടെ ലോകം വിശാലമാക്കി രാമായണവും മഹാഭാരതവും, വേദങ്ങളും ഉപനിഷത്തുക്കളും കടന്നുവന്നു. അമ്മ സ്കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്നു. അതിനാല്‍ സ്കുള്‍ ലൈബ്രറിയിലേക്ക് ആവശ്യമായ നൂറ് കണക്കിന് പുസ്തകങ്ങള്‍ വര്‍ഷാന്ത്യങ്ങളില്‍ വീട്ടില്‍ കൊണ്ടുവന്നു വയ്ക്കുമായിരുന്നു. അതുകൊണ്ട് ഒഴിവുകാലം ഞാന്‍ വായനയുടെ ആഘോഷക്കാലമാക്കിമാറ്റി. വെറുതെ വായിച്ചുതള്ളുകയായിരുന്നില്ല. ഓരോ പുസ്തകവും വ്യത്യസ്ത അനുഭൂതിയാണ് എന്നില്‍ നിറച്ചത്. വായിച്ച പുസ്തകങ്ങളിലെ ഓരോവരിയിലും അടങ്ങിയിരുന്ന അറിവിനെ സ്വാംശീകരിച്ചെടുത്ത് വിശകലനം ചെയ്ത് ഓര്‍മയുടെ അറകളില്‍ സൂക്ഷിച്ചുവച്ചു. പതിനാലാമത്തെ വയസ്സില്‍ എന്‍െറ അമ്മ മരിച്ചു. ആ വേര്‍പാട് എന്നില്‍ ഏല്‍പ്പിച്ച വേദനയെ തരണം ചെയ്തതും വായനകൊണ്ടാണ്.

ബ്രയിന്‍ മാജിക്ക്

വാക്കുകള്‍ കൊണ്ടുള്ള പ്രശ്നോത്തരി പണ്ടേ എനിക്കു ഹരമായിരുന്നു. സ്കൂള്‍ തലംതൊട്ട് ഞാന്‍ കലോല്‍സവത്തിലും ക്വിസ് പ്രോഗ്രാമിലും പങ്കെടുക്കുമായിരുന്നു. പത്താംക്ളാസുവരെ സര്‍ക്കാര്‍ സ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രി ആര്‍ട്സ് കോളേജിലും ഡിഗ്രി യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു. കോളേജിലായിരുന്നപ്പോള്‍ വാക്കുകളുടെ മായാജാലമെന്ന പേരില്‍ ധാരാളം ടോക്ക് ഷോകള്‍ നടത്തിയിരുന്നു. സുഹൃത്തുക്കളുടെ ഇടയില്‍ എന്‍െറ പ്രശ്നോത്തരി ഒരു ചര്‍ച്ചാവിഷയം തന്നെയായിരുന്നു. അവര്‍ മനസില്‍ കാണുന്നയാളിനെ അണുവിടതെറ്റാതെ ഞാന്‍ പറയുമായിരുന്നു ഇത് എനിക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കി.

ചരിത്രത്തിലൊരു പൊന്‍തൂവല്‍

ജനനത്തിനും മരണത്തിനുമിടയിലുള്ള കുറച്ചുനേരം. ആ സമയത്തിനുള്ളില്‍ നമ്മുടെ കൈയൊപ്പുകള്‍ പതിഞ്ഞ എന്തെങ്കിലും ഈഭൂമിയില്‍ അവശേഷിപ്പിക്കുക. നൂറ് തലമുറകള്‍ കഴിഞ്ഞാലും ഞാനെന്ന വ്യക്തി ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവായി എന്റേതായ പൊന്‍തൂവലുകള്‍ ഇവിടെചാര്‍ത്തണം. അവനവനിലുള്ള കഴിവുകളെ കണ്ടെത്തി അത് നല്ലരീതിയില്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ജീവിതം വിജയമാകുന്നത്. എനിക്ക് ഒരുപാടുപേരോട് ആരാധന തോന്നിയിട്ടുണ്ട്.  അശ്വമേധത്തില്‍ ഉത്തരം പറയാതെ വന്നപ്പോള്‍ പോലും എനിക്ക് വിഷമം തോന്നിയിട്ടില്ല. കാരണം അതിലൂടെ ഞാന്‍ പുതിയ അറിവ് നേടുകയായിരുന്നു. തുടക്കത്തില്‍ എന്നെ പരിഹസിച്ചിരുന്നവരും വിമര്‍ശിച്ചിരുന്നവരും പരിപാടിയുടെ വിജയം കണ്ട് എന്നെ അഭിനന്ദിച്ചു.

ജീനിയസ്സിനെ കണ്ടെത്തും

അടുത്തവര്‍ഷം  നാല് ഇന്ത്യന്‍ നഗരങ്ങളിലും അഞ്ച് വിദേശ നഗരങ്ങളിലും ലൈവ് ഷോ നടത്തുന്നുണ്ട്. ഇതിലൂടെ ജീനിയസുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ദമാമില്‍ ഇതിന് തുടക്കമിടും. കൂടാതെ കേന്ദ്ര സര്‍ക്കാരും  ബി.എസ്.എസ്സും നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഇന്ത്യാ എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറും പ്രോഗ്രാം ഡയറക്ടറുമാണ് ഞാന്‍. എല്‍.കെ.ജി ക്ളാസുമുതലുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടു നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ അറിവ്  ആനന്ദകരമാക്കുക എന്നാതാണ് ഉദ്ദേശം.

എഴുത്തിലേക്ക് തിരിച്ചുവരണം

ബ്രയിന്‍ മാജിക്ക്, അനശ്വര സ്മരണകള്‍, കഥായാനം തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. തിരക്കുമൂലം എനിക്ക് പൂര്‍ണ്ണമായി എഴുത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിക്കുന്നില്ല. അടുത്ത വര്‍ഷം ഓഷന്‍ ഓഫ് ഇന്റലിജന്‍സ് എന്ന പേരില്‍ ഒരു പുസ്തകം എഴുതുവാനുള്ള തയ്യാറെടുപ്പിലാണ്. ചരിത്രത്തില്‍ പലകാരണങ്ങള്‍ കൊണ്ടും തഴയപ്പെട്ടവരുണ്ട്.  അറിയപ്പെടാതെ കിടക്കുന്ന അവരുടെ ജീവിതത്തെ കുറിച്ചു വെളിപ്പെടുത്തുന്ന പുസ്തകമായിരിക്കും ഇത്.

സന്തുഷ്ട കുടുംബം

ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിനു പിന്നില്‍ കുടുംബത്തിന്‍െറ പിന്തുണ ആവശ്യമാണ്. ആ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. തിരുവനന്തപുരത്തെ അശ്വമേധമെന്ന വീട്ടില്‍ എനിക്കു കൂട്ടായി ഭാര്യ ബിന്ദുവും മകള്‍ സൌപര്‍ണ്ണികയും മകന്‍ സൂര്യനാരായണനുമുണ്ട്. ഭാര്യ ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സില്‍ റിസര്‍ച്ചു ചെയ്യുന്നു. .മകള്‍ സൌപര്‍ണ്ണിക എട്ടാം ക്ളാസില്‍ പഠിക്കുന്നു കഴിഞ്ഞവര്‍ഷം കുട്ടികളുടെ പ്രധാനമന്തിയായിരുന്നു അവള്‍. മകന്‍ ഒന്നാംക്ളാസില്‍ പഠിക്കുന്നു. അച്ഛനാണ് എന്‍െറ ഏറ്റവുമടുത്ത സുഹൃത്ത്. എന്‍െറ കുടുംബമാണ് എന്‍െറ ഭാഗ്യം.
 എഴുതപ്പെടുന്നത് എന്തും ചരിത്രമാകുന്നു. ചരിത്രത്തിന്‍െറ താളുകളില്‍ വിജ്ഞാനത്തിന്റെ മകുടമാകുവാന്‍ ബ്രയിന്‍ മാജിക്കിലൂടെ ഡോ.ജി.എസ് പ്രദീപ് മുന്നേറുകയാണ് അറിവിന്‍െറ ചക്രവാളത്തിലെ അനശ്വര നക്ഷത്രമാകുവാന്‍.

കടപ്പാട് കേരളകൌമുദി ആഴ്ചപ്പതിപ്പ്

0 comments :

Post a Comment