News Today

« »

Wednesday, January 18, 2012

മൂത്രത്തില്‍ അണുബാധ


മൂത്രത്തില്‍ അണുബാധയുണ്ടാകുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഈ രോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. സമൂഹത്തിലെ അഞ്ചില്‍ ഒന്ന് എന്ന വീതം സ്ത്രീകള്‍ക്ക് ഈ രോഗം ബാധിക്കുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂത്രനാളിയിലേക്കോ മൂത്രസഞ്ചിയിലേക്കോ എത്തുന്ന ബാക്ടീരിയകളാണ് അണുബാധ ഉണ്ടാക്കുന്നത്. ചികിത്സയില്‍ പൂര്‍ണമായും ഭേദമായില്ലെങ്കില്‍ ബാക്ടീരിയപൂര്‍ണമായും വിട്ടു മാറാതെ വരികയും ഇടയ്ക്കിടെ ഒരു പഴുപ്പുബാധ ഉണ്ടാകുകയും ചെയ്യുന്നു.

വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, വൃത്തിഹീനമായ ചുറ്റുപാടുകള്‍, മലശോധനയ്ക്കുശേഷം വേണ്ടവിധത്തില്‍ വൃത്തിയാക്കാതിരിക്കുക, മലബന്ധം, മൂത്രം കൂടുതല്‍ സമയം പിടിച്ചുനിറത്തുക, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുക, വിരശല്യം, മൂത്രത്തില്‍ കല്ല്, പ്രമേഹം, ഗര്‍ഭധാരണം, ഗര്‍ഭാശയം താഴേക്ക് തള്ളുക, ചില മരുന്നുകളുടെ ഉപയോഗം. ഇവയെല്ലാം അണുബാധയ്ക്ക് കാരണങ്ങളാണ്. മൂത്രമൊഴിക്കാന്‍ മടി കാണിക്കുന്നവരില്‍ മൂത്രനാളിയില്‍ ബാക്ടീരിയ വളരുകയും കൂടാതെ മൂത്രനാളിയിലെ വലിയ പേശികളുടെ മുറുക്കം കൂടുകയും മൂത്രം മുഴുവനായി പോകാതിരിക്കുകയും ചെയ്യും.

മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, വേദന, ഇടയ്ക്കിടെ മൂത്രശങ്ക, നന്നായി മൂത്രം പോകാതിരിക്കുക, അടിവയര്‍ വേദന, നടുവേദന, മൂത്രം കലങ്ങിയോ രക്തം കലര്‍ന്നോ പോകുക, മൂത്രത്തിന് ദുര്‍ഗന്ധം, മൂത്രസഞ്ചി നിറഞ്ഞിരിക്കുന്ന തോന്നല്‍, വിറയലോടുകൂടിയ പനി, ഓര്‍ക്കാനം ഇവയെല്ലാം അണുബാധയുടെ ലക്ഷണങ്ങളാണ്. ശരിയായി ചികിത്സിക്കാതിരുന്നാല്‍ അണുബാധ കിഡ്നിയിലേക്കും ബാധിക്കാന്‍ സാധ്യതയുണ്ട്. ദിവസവും 15 ഗ്ളാസ് വെള്ളം കുടിക്കുക, ഏതുകാരണം കൊണ്ടാണോ തുടര്‍ച്ചയായ അണുബാധ വരുന്നത് അതിനെ ചികിത്സിക്കുക.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക, ബാര്‍ലി, തഴുതാമ, ഞെരിഞ്ഞില്‍, മല്ലി ഇവയില്‍ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക, മധുരം ചേര്‍ക്കാത്ത പഴച്ചാറുകള്‍, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ നല്ലതാണ്. മാനസിക പിരിമുറുക്കം കുറയ്ക്കുക, സമീകൃതാഹാരം കഴിക്കുക, വ്യായാമം, യോഗ ഇവ ശീലിക്കുക, വെണ്ണ, ചോക്കലേറ്റ്, എരിവ്, കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കോളകള്‍, ഫാസ്റ്റ്ഫുഡുകള്‍ മുതലായവ ഒഴിവാക്കുക.

നെല്ലിക്ക, കാരറ്റ് ഇവ കഴിക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ശീലിക്കുക. ആയുര്‍വേദത്തില്‍ മൂത്രത്തില്‍ പഴുപ്പിന് വളരെ ഫലപ്രദമായ മരുന്ന് ലഭ്യമാണ്. ഓരില, മൂവില, കണ്ടകാരി, ചെറുവഴുതനങ്ങ, ഞെരിഞ്ഞില്‍ മുതലായവ ചേര്‍ത്ത് കഷായം ഉണ്ടാക്കി രണ്ടുനേരം കഴിക്കുന്നത് നല്ലതാണ്.

ഡോ. അപ്സര വി.ആര്‍
ആയുര്‍വേദ മെഡി. ഓഫീസര്‍
ശ്രീ ധന്വന്തരി മഠം, തിരുവനന്തപുരം

0 comments :

Post a Comment