News Today

« »

Wednesday, January 18, 2012

വൃക്കയിലെ കല്ലുകള്‍ക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ


വലിപ്പമേറിയ വൃക്കയിലെ കല്ലുകള്‍ക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയാ രീതിയാണ് പി.സി.എന്‍.എല്‍. താക്കോല്‍ദ്വാരത്തിന്റെ വലിപ്പം കുറച്ച് കല്ലുകള്‍ പൊടിച്ച് എടുത്തുകളയുന്ന പുതിയ രീതിക്ക് മിനി പി.സി.എന്‍.എല്‍ എന്നുപറയുന്നു. വൃക്കയ്ക്കകത്ത് മൂത്രനാളിയില്‍ കൂടി ഒരു കത്തീറ്റര്‍ ഇടുക, രോഗിയെ കമിഴ്ത്തിക്കിടത്തി എക്സ്റേയുടെ സഹായത്തോടെ വൃക്കയില്‍ ഡൈ കടത്തി ഒരു സൂചി വൃക്കയിലേക്ക് കടത്തുന്നു. ഒരു വയറിന്റെ സഹായത്തോടെ ഈ പാത വികസിപ്പിച്ച് ഒരു ട്യൂബ് വൃക്കയിലേക്ക് കടത്തുന്നു. ഈ ട്യൂബില്‍ക്കൂടി ഉപകരണം കടത്തി വൃക്കയിലെ കല്ലുകള്‍ നേരിട്ട് കണ്ട് പൊടിച്ച് നീക്കം ചെയ്യുന്നതാണ് സാധാരണ പി.സി.എന്‍.എല്‍ ശസ്ത്രക്രിയ. ഇതിന് സമയം കൂടുതല്‍ എടുക്കും.

മേല്‍പ്പറഞ്ഞ പല ഘട്ടങ്ങളും ഒഴിവാക്കിക്കൊണ്ട് താക്കോല്‍ദ്വാര ശസ്ത്രക്രിയ കൂടുതല്‍ ലളിതവും എളുപ്പവും ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ശസ്ത്രക്രിയാരീതിയാണ് മൈക്രോ പി.സി.എന്‍.എല്‍ അഥവാ മൈക്രോപെര്‍ക്.

ചുറ്റുപാടും നിരീക്ഷിച്ച് കയറ്റിവിടാവുന്ന പ്രത്യേക തരം സൂചി കല്ലുകളുള്ള വൃക്കയിലേക്ക് കടത്തുന്നു. ഇതിനാല്‍ വൃക്കയില്‍ കയറിയഭാഗം കൃത്യമാണോ എന്നറിയാനും കല്ലുകള്‍ വളരെ നേരത്തെ തന്നെ കണ്ട് ഉറപ്പിക്കാനും കഴിയുന്നു. 1.6 എം.എം വ്യാസമുള്ള ഇത്തരം സൂചികള്‍ക്ക് മൂന്നുഭാഗങ്ങളാണ് ഉള്ളത്. ഇതിനുശേഷം ശരീരത്തിന് പുറത്തുള്ള സൂചിയുടെ ഭാഗത്ത് മൂന്ന് വഴികളുള്ള ഒരു ഉപകരണം ഘടിപ്പിക്കുന്നു. ഇതുവഴി കല്ലുകള്‍ പൊട്ടിച്ച് ആവി ആക്കാനുള്ള ലേസര്‍ ഫൈബര്‍, വെള്ളം കടത്താനുള്ള ട്യൂബ്, കല്ലുകള്‍ കാണാനുള്ള ടെലിസ്കോപ്പ് മുതലായവ കടത്തുന്നു. രോഗിയെ ബോധംകെടുത്തിയശേഷം സാധാരണ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക്് ചെയ്യുന്നതുപോലെ എക്സ് റേ സഹായത്തോടെ സൂചി വൃക്കയ്ക്കകത്തേക്ക് കടത്തുന്നു. സൂചിയില്‍ക്കൂടി നന്നായി വളയ്ക്കാനും തിരിക്കാനും കഴിയുന്ന ടെലിസ്കോപ്പ് കടത്തി കല്ലുകള്‍ കണ്ട് ലേസര്‍ ഉപയോഗിച്ച് കല്ലുകള്‍ നീരാവി ആക്കും.

രക്തനഷ്ടം കുറയ്ക്കുവാനാകും എന്നതാണ് ഈ പുതിയ ചികിത്സാരീതിയുടെ പ്രധാന ആകര്‍ഷണീയത. വൃക്കയില്‍ കീഴ്ഭാഗത്തായി കിടക്കുന്ന കല്ലുകള്‍,  കുതിരലാടാകൃതിയുള്ള വൃക്ക, അടിവയറ്റിലുള്ള വൃക്ക തുടങ്ങി അസാധാരണമായ സ്ഥാനവും ആകൃതിയുമുള്ള വൃക്കകളിലെ കല്ലുകള്‍ മുതലായവയ്ക്ക് മൈക്രോപെര്‍ക് വളരെ അനുയോജ്യമായിരിക്കും. മൂത്രക്കല്ലുമൂലം ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് ഇത് ഒരു അനുഗ്രഹമായിരിക്കും എന്നതില്‍ സംശയമില്ല.

ഡോ.എന്‍.ഗോപകുമാര്‍,
(ഫെല്ലോ ഓഫ് ദ യൂറോപ്യന്‍
ബോര്‍ഡ് ഓഫ് യൂറോളജി)
കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ്,
പി.ആര്‍.എസ് ഹോസ്പിറ്റല്‍,
കിള്ളിപ്പാലം, തിരുവനന്തപുരം.

0 comments :

Post a Comment