News Today

« »

Monday, September 3, 2012

ഇ എസ് ആര്‍ കൂടുന്നെങ്കില്‍ സൂക്ഷിക്കുക..!!




രക്ത പരിശോധനകള്‍ നടത്തുന്ന എല്ലാവര്‍ക്കും സുപരിചിതമായ ഒരു പദമാണ്
ഇ.എസ്.ആര്‍. എന്നത്. എന്നാല്‍ എന്താണ് ഇ.എസ്.ആര്‍ എന്ന് അധികമാര്‍ക്കും
അറിയില്ല. സാധാരണയായി 20 മില്ലീ മീറ്ററില്‍ താഴെയായിരിക്കും ഒരു
വ്യക്തിയുടെ ഇ.എസ്.ആര്‍. ഇതിലധികം വരുന്നത് ശരീരത്തില്‍ ബാധിച്ചിരിക്കുന്ന
ഇന്‍ഫക്ഷന്റെയോ മറ്റു രോഗങ്ങളുടെയോ സൂചന ആയിരിക്കുമെന്നതിനാല്‍
ഡോക്ടര്‍മാര്‍ ഈ പരിശോധനയ്ക്ക് വലിയ പ്രാധാന്യം കല്പിച്ചിരിക്കുന്നു.

എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ റേറ്റ് എന്നണ് ഇ.എസ്.ആര്‍ എന്ന പദത്തിന്റെ
പൂര്‍ണ്ണരൂപം. രോഗിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച രക്തത്തില്‍ അതു
കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത ശേഷം ഒരു ചെറിയ
ഗ്ലാസ്സ് ട്യൂബിലൊഴിച്ച് അതു കുത്തനെ നിര്‍ത്തി ചുവന്ന രക്താണുക്കള്‍
അടിയുന്ന സമയം കണക്കാക്കിയാണ് ഇ.എസ്.ആര്‍. നിര്‍ണയിക്കുന്നത്. സ്ത്രീകളില്‍
പുരുഷന്മാരെ അപേക്ഷിച്ച് ഇ.എസ്.ആര്‍. നിരക്ക് കൂടുതലായിരിക്കും. അതു പോലെ
പ്രായം കൂടും തോറും ഇത് കൂടി വരുന്നതായും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
എങ്കിലും നിരക്ക് 20 മില്ലീ മീറ്ററില്‍ കൂടുതലാവുകയാണെങ്കില്‍ മറ്റു രോഗ
പരിശോധനകള്‍ വേണ്ടി വരും. ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങളിലുണ്ടാകുന്ന
നീര്‍ക്കെട്ട്, ആസ്ത്മ, അലര്‍ജി രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഇ.എസ്.ആര്‍.
കൂടുതലായിരിക്കും. പരിശോധനയില്‍ ഇവയൊന്നുമില്ലെന്നു കണ്ടാല്‍ വാത
സംബന്ധമായ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവ പരിശോധിക്കണം.
ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ചുമയുള്ളവരിലെ കൂടിയ ഇ.എസ്.ആര്‍.
ക്ഷയരോഗത്തിന്റെ ലക്ഷണമായും കാണാറുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ
അളവ് കൂടുന്ന പോളിസൈത്തീമിയ ഹൃദയപ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍ എന്നീ
സാഹചര്യങ്ങളില്‍ ഇ.എസ്.ആര്‍. നിരക്ക് കുറഞ്ഞു വരുന്നതായും കാണാറുണ്ട്.
ചികിത്സയിലിരിക്കുന്ന രോഗികളുടെ രക്തത്തിലെ ഇ.എസ്.ആര്‍. പരിശോധിച്ച് രോഗ
തീവ്രത അളക്കാന്‍ സാധിക്കും. രോഗം കുറയുമ്പോള്‍ ഈ നിരക്കും കുറഞ്ഞു
വരുന്നതായാണ് കണ്ടു വരുന്നത്. മറ്റ് ആരോഗ്യ
പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്കും ചിലപ്പോള്‍ ഇ.എസ്.ആര്‍. കൂടാറുണ്ട്.
അത്തരക്കാര്‍ വിദഗ്ധ പരിശോധന നടത്തി രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പു
വരുത്തേണ്ടതാണ്. രക്തം നിറച്ച് കുത്തനെ നിര്‍ത്തുന്ന ട്യൂബിന്റെ നേരിയ
ചെരിവു പോലും പരിശോധനാ ഫലത്തെ ബാധിച്ചേക്കുമെന്നതിനാല്‍ വളരെ സൂക്ഷ്മത
ആവശ്യമുള്ള ഒരു പരിശോധനാ പ്രക്രിയയാണിത്. ഇതുകൊണ്ടാണ് ഒരേ ലാബില്‍ തന്നെ
പരിശോധിക്കാതെ വിവിധ ലാബുകളില്‍ രക്ത പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍
സാധാരണയായി നിര്‍ദ്ദേശിക്കാറുള്ളത്

0 comments :

Post a Comment